തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. പക്ഷേ വോട്ടർമാർക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കുകയാണ് ഇടുക്കി ഉപ്പുതറ ലോൺട്രി വാർഡിൽ മത്സരിച്ച ജബക്കനി. സെവൻത് ഡേ പള്ളിക്ക് സമീപത്ത് താമസിക്കുന്നവർക്ക് റോഡ് നിർമ്മിച്ചു നൽകുമെന്നായിരുന്നു ജബക്കനിയുടെ ഉറപ്പ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജയിച്ചവർക്ക് പോലും മാതൃകയാവുകയാണ് ജബക്കനി. ഉപ്പുതറ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഡി എം കെ സ്ഥാനാർത്ഥിയായി മത്സരിച്ച ജബക്കനിക്ക് 200 വോട്ടുകളാണ് ലഭിച്ചത്. പരാജയപ്പെട്ടെങ്കിലും തന്നെ വിശ്വസിച്ച 200 വോട്ടർമാർക്ക് വേണ്ടി നൽകിയ വാഗ്ദാനം പാലിക്കാൻ ജബക്കനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല . ലോൺട്രി സെവൻത് ഡേ പള്ളിക്ക് സമീപത്തുള്ള നടപ്പുവഴി 12 അടി വീതിയിൽ 72 മീറ്റർ ദൂരം സ്വന്തം ചെലവിൽ റോഡാക്കി മാറ്റി
പ്രദേശത്ത് വഴിവിളക്കും സ്ഥാപിച്ചു. ആർഎസ്പി പ്രവർത്തകയായയിരുന്ന ജബക്കനി സീറ്റ് നിഷേധിച്ചതോടെയാണ് ഡിഎംകെ പിന്തുണയിൽ മത്സരിക്കാൻ തീരുമാനിച്ചത്. കൈയിലുള്ള ചെറിയ സമ്പാദ്യവും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് വാഗ്ദാനങ്ങൾ പാലിക്കാൻ ജബക്കനി മുന്നിട്ടിറങ്ങിയത്