TOPICS COVERED

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനായി മുള്ളൻ പന്നിയുടെ ഇറച്ചിക്കൊപ്പം മുള്ള് സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇടുക്കി നെടുംകണ്ടം കുഴിപ്പെട്ടിയിലെ ഏലത്തോട്ടത്തിൽ ജോലിചെയ്യുന്ന ബീഹാർ സ്വദേശി സിലാസ് എംബാറാമാണ് കുടുങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ബീഹാർ മഞ്ചൂർ  കോള സ്വദേശി സിലാസ് എംബാറാംമിന് കുഴിപ്പട്ടിക്ക് സമീപം വാഹനമിടിച്ച് ചത്ത നിലയിൽ കഴിഞ്ഞ ദിവസമാണ് മുള്ളൻപന്നിയെ കിട്ടിയത്. ബീഹാറിൽ സിലാസ് ഉൾപ്പെടുന്ന ഗോത്ര വംശജർ സ്ഥിരമായി കാട്ടിൽ വേട്ടയാടൻ പോകാറുണ്ട്. അതിനാൽ തന്നെ കിട്ടിയ മുള്ളൻപന്നിയെ താമസസ്ഥലത്ത് എത്തിച്ച് പാകപ്പെടുത്തി. തുടർന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ ഇറച്ചി ലഭിച്ച വിവരമറിയിച്ചെങ്കിലും അവർ മുള്ളൻ പന്നിയുടെ ഇറച്ചിയാണെന്ന് വിശ്വസിച്ചില്ല.സുഹൃത്തുക്കൾക്കൊപ്പം ഇറച്ചി പാകം ചെയ്തു കഴിക്കുവാനായി കട്ടപ്പനയ്ക്ക് ഇറച്ചിയും ചാക്കിലാക്കി പുറപ്പെട്ടതിനാപ്പം സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മുള്ളൻ പന്നിയുടെ മുള്ളുകളും ഇറച്ചിക്കൊപ്പം സൂക്ഷിച്ചു. കട്ടപ്പനയിൽ പൊലീസിന്റെ പ്രത്യേക പരിശോധന നടക്കുന്നതിനിടയിൽ ചാക്ക് ശ്രദ്ധയിൽപ്പെടുകയും ഇറച്ചി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വനംവകുപ്പ് കുമളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. അഞ്ച് കിലോയോളം തൂക്കമുള്ള ഇറച്ചിയും, മുള്ളുകളും ഇറച്ചി പാകപ്പെടുത്തുവാൻ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനം വകുപ്പ് പിന്നീട് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കായി എത്തുന്നവർക്ക് വന്യജീവി നിയമത്തെ കുറിച്ചുള്ള അജ്ഞത വലുതാണെന്നും, തൊഴിലുടമകൾ വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ച് ഇവർക്ക് അവബോധം നൽകണമെന്നും വനവകുപ്പധികൃതർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഇതരസംസ്ഥാനക്കാർ തിങ്ങി പാർക്കുന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തുവാനും കുമളി റെയിഞ്ച് ഓഫീസർ സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി

ENGLISH SUMMARY:

Wildlife crime is on the rise in Kerala. An interstate worker was arrested for possessing porcupine meat in Idukki.