തിരുവനന്തപുരം പേട്ടയില്‍ നിന്ന് ഇന്നലെ രാവിലെ കാണാതായ ഭിന്നശേഷിക്കാരനായ ഇരുപത്തിരണ്ടുകാരനെ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിതോടെ രണ്ടുമണിക്കൂറില്‍ കണ്ടെത്തി. പേട്ട പൊലീസ് സ്റ്റേഷന് സമീപം ടയര്‍ റീ ട്രെഡിങ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷാനു ഷാഹുലിനെയാണ് വലിശാലയിലെ ഓട്ടോഡ്രൈവര്‍മാര്‍ കണ്ടെത്തിയത്. മകനെത്തേടി ഇരുപത്തിനാലുമണിക്കൂറിലേറെ തീ തിന്ന ഷാഹുല്‍ ഹമീദിന്‍റെ ആശ്വാസ നിമിഷത്തിനും മനോരമ ന്യൂസ് സാക്ഷിയായി.
ഇന്നലെ രാവിലെ മുതല്‍ ഏകമകനെത്തേടി അലയുകായിരുന്നു തിരുവനന്തപുരം വഞ്ചിയൂര്‍ അത്താണിലെയ്നില്‍, ഓട്ടോഡ്രൈവറായ ഷാഹുല്‍ ഹമീദ്. പേട്ട പൊലീസ് സ്റ്റേഷന് സമീപത്ത് ടയര്‍ റീ ഡ്രെഡിങ് സ്ഥാപനത്തില്‍ അഞ്ചുവര്‍ഷമായി ജോലിചെയ്യുകയായിരുന്ന മകന്‍ ഷാനുവിനെ ഇന്നലെ രാവിലെയാണ് കാണാതായത്. കടനടത്തിപ്പുകാര്‍ വഴക്കുപറഞ്ഞ സമ്മര്‍ദ്ദത്തില്‍ ഷാനു ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന് മൊബൈല്‍ ഫോണ്‍ ഇല്ല.
ഷാഹുല്‍ ഹമീദ് സ്വന്തംനിലയ്ക്ക് സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പേട്ട പൊലീസില്‍ പരാതിനല്‍കിയത്. ഇന്ന് മനോരമ ന്യൂസ് വാര്‍ത്ത സംപ്രേഷണം ചെയ്തു. ഉച്ചയോടെ വലിയശാലയിലെ ഓട്ടോഡ്രൈവര്‍മാരാണ് മനോരമ ന്യൂസ് വാര്‍ത്തകണ്ട് ഷാനുവിനെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ മകനെ കണാതായതുമുതല്‍ നെഞ്ചപൊള്ളി അലയുകയായിരുന്ന ഷാഹുല്‍ ഹമീദിന് ആശ്വാസനിമിഷം.