inl-clt

നിയമസഭാ തിരഞ്ഞെടുപ്പില്‍ INL ഇത്തവണ ഒരു സീറ്റില്‍ ഒതുങ്ങിയേക്കും. നാഷണല്‍ ലീഗിനും ഒരു സീറ്റ് മാത്രമേ ഉണ്ടാകൂ. രണ്ടായി പിളര്‍ന്ന ഇരുകൂട്ടരോടും ഒന്നിക്കാന്‍, സി.പി.എം കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും രണ്ട് പാര്‍ട്ടികളും ഇക്കാര്യം കേട്ടഭാവം നടിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മല്‍സരിച്ചത് മൂന്ന് സീറ്റുകളില്‍. കോഴിക്കോട് സൗത്ത്, മലപ്പുറം വള്ളിക്കുന്ന്, കാസര്‍കോട്. 

ഇതില്‍ അട്ടിമറി വിജയത്തിലൂടെ കോഴിക്കോട് സൗത്തില്‍ നിന്ന് അഹമ്മദ് ദേവര്‍ കോവില്‍ വിജയിച്ച് എംഎല്‍എയായി. അതിന് ശേഷം ഐഎന്‍എലിലെ ഒരു വിഭാഗം തെറ്റിപ്പിരിഞ്ഞ് നാഷണന്‍ ലീഗ് ഉണ്ടാക്കി. അന്നത്തെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അടക്കം ഒരു വിഭാഗം നാഷണല്‍ ലീഗിലും എംഎല്‍എയും കൂട്ടരും പഴയ ഐഎന്‍എലിലും തുടരുകയാണ്. 

ഈ സാഹചര്യത്തിലാണ് ഇരുകൂട്ടര്‍ക്കും ഓരോ സീറ്റ് വീതം നല്‍കാനുള്ള സിപിഎം ധാരണ. ഐഎന്‍എലിന് കോഴിക്കോട് സൗത്ത് തന്നെ നല്‍കും. നാഷണല്‍ ലീഗിന് വള്ളിക്കുന്നോ കാസര്‍കോടോ മല്‍സരിക്കാം. ഒരു സീറ്റ് മറ്റു ഘടകകക്ഷികള്‍ക്ക് നീക്കി വക്കും. ജനുവരി അവസാനത്തോടെ ഇരുപാര്‍ട്ടികളുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം ഔദ്യോഗികമായി അറിയിക്കും. 

രണ്ട് പാര്‍ട്ടികളോടും ഒരുമിക്കാന്‍ സിപിഎം പലതവണ നിര്‍ദേശം നല്‍കിയെങ്കിലും യാതൊരു ഫലവും കണ്ടിട്ടില്ല. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന ഐഎന്‍എലിന്‍റെ തുറന്നു പറച്ചിലും സിപിഎമ്മിന് ദഹിച്ചിട്ടില്ല. 

ENGLISH SUMMARY:

Kerala Politics: The CPM is pushing for unity between the INL and National League ahead of the upcoming assembly elections. Both parties are expected to receive one seat each, with discussions planned to finalize seat allocations.