ഗ്രാമ പഞ്ചായത്തിലേക്കുള്ള പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ചര്‍ച്ചയായത് തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്താണ്. കോണ്‍ഗ്രസിലെ എട്ട് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കി പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് വിജയിപ്പിച്ചു. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎമ്മിന് പഞ്ചായത്തിലെ 25 വര്‍ഷത്തെ ഭരണം നഷ്ടമായി.
ഇതിന് പിന്നില്‍ ബിജെപിയുടെ അംഗവും യുവസംരംഭകനുമായ അതുല്‍ കൃഷ്ണ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. തന്‍റെ സംരംഭം പൂട്ടിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിനോടുള്ള പ്രതികാരമാണിതെന്നാണ് വിവിധ പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
മറ്റത്തൂരില്‍ അതുല്‍ കൃഷ്ണയുടെ സംരംഭത്തിന് പഞ്ചായത്ത് പൂട്ടിട്ടതുമായി ബന്ധപ്പെട്ട് സിപിഎം ഭരണസമതിയുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. കോണ്‍ക്രീറ്റ് കട്ട കമ്പനി ചട്ടംപാലിക്കാതെ നടത്തിയതിന്‍റെ പേരില്‍ പഞ്ചായത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് വ്ളോഗറായതാണ് അതുല്‍ കൃഷ്ണ.
അന്നത്തെ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബിയെ വിമര്‍ശിച്ച് നിരന്തരം വീഡിയോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയില്‍ കേസെടുത്തിരുന്നു. പഞ്ചായത്ത് ഭരണത്തിനെതിരെ നിരവധി ആരോപണങ്ങള്‍ അതുൽ ഉന്നയിച്ചിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ച് മെമ്പറായി.
കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയിലേക്ക് എത്താനുണ്ടായ സാഹചര്യത്തെ പറ്റി അതുല്‍ കൃഷ്ണ മനോരമ ന്യൂസിനോട് സംസാരിച്ചു. കോണ്‍ഗ്രസ് വിമതനായ ജയിച്ച മുന്‍ പ്രതിപക്ഷ നേതാവിനെ സിപിഎം പണം കൊടുത്തു വാങ്ങി ഭരണതുടര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് അതുല്‍ കൃഷ്ണ ആരോപിക്കുന്നത്.
ഭരണതുടര്‍ച്ചയ്ക്കായി സിപിഐയ്ക്ക് എതിരെ മത്സരിച്ച് ജയിച്ച ഔസേപ്പിനെ സിപിഎം 15 ലക്ഷം രൂപ കൊടുത്ത് വാങ്ങി. ഭരണമാറ്റത്തിന് വേണ്ടിയാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. എന്നാല്‍ ഇത് അട്ടിമറിക്കാനുള്ള ശ്രമമുണ്ടായതോടെ അതിന് എതിരെ മുന്നിട്ടിറങ്ങി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒരു രൂപ പോലും കൊടുത്തില്ലെന്നും അതുല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.