തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി തീരുമാനിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പരിഭവം തുടരുന്നു. മേയര്‍ സീറ്റ് വിറ്റെന്ന ആരോപണമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജയിംസ് ഉന്നയിക്കുന്നത്. പണപ്പെട്ടിയില്ലാത്തതിനാല്‍ തനിക്ക് മേയര്‍ പദം നഷ്ടമായെന്നും മേയര്‍ പദവിയിലേക്ക് അവസാനം വരെ പരിഗണനയിലുണ്ടായിരുന്നയാളാണ് താനെന്നും ലാലി അവകാശപ്പെട്ടു. തന്‍റേത് കര്‍ഷക കുടുംബമാണെന്നും നേതാക്കള്‍ക്ക് നല്‍കാന്‍ പണമില്ലാത്തതാണ് പ്രശ്നമെന്നും അവര്‍ പറഞ്ഞു. നാലുതവണ ജയിച്ചിട്ടും തന്നെ മേയറാക്കിയില്ലെന്നും താന്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും നിജിക്ക് വോട്ടുചെയ്യുമെന്നും ലാലി കൂട്ടിച്ചേര്‍ത്തു.
ലാലി ജയിംസിന് പാര്‍ട്ടി മറുപടി നല്‍കുമെന്ന് നിജി ജസ്റ്റിന്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്‍റായ ഡോ.നിജിയെ ഇന്നലെ രാവിലെ തന്നെ കെപിസിസി നേതൃത്വം മേയറായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ ലാലി ജയിംസിനെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ ഭിന്നത രൂക്ഷമായി. ഇരുവര്‍ക്കും പുറമെ സുബി ബാബുവിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
അതേസമയം, ലാലിയുടെ ആരോപണങ്ങളോട് രൂക്ഷ പ്രതികരണമാണ് ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് നടത്തിയത്. പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് ഡോക്ടര്‍ നിജി ജസ്റ്റിനെ മേയറാക്കിയത്. ലാലി നാലുപ്രാവശ്യം നിന്നിട്ട് ആര്‍ക്കാണ് അവര്‍ പെട്ടി കൊടുത്തതെന്നും ഡിസിസി പ്രസിഡന്‍റ് ചോദിച്ചു.