ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായക്കെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി മുന്‍ ജയില്‍ ഡിഐജി പി.അജയകുമാര്‍ മനോരമ ന്യൂസില്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ്കുമാറിന്‍റെ അഴിമതിയുടെ പങ്ക് ബല്‍റാംകുമാര്‍ ഉപാധ്യായ കൈപ്പറ്റി. ജയില്‍ മേധാവിയുടെ അധികാരം മുഴുവന്‍ വിനോദ് കുമാറിന് നല്‍കി വഴിവിട്ട ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുവെന്നും ആരോപണം. വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോള്‍ വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാര്‍ വെളിപ്പെടുത്തുന്നു. തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് മുന്‍ ഡിഐജിയുടെ ഗുരുതര ആരോപണം.
വിയ്യൂര്‍ ജയിലില്‍ കലാപമുണ്ടാക്കിയിട്ടും കൊടിസുനിക്ക് പരോള്‍ അനുവദിച്ചു. കൊടി സുനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ടിപി കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോളിന് പിന്നിലും ഈ കുട്ടുകെട്ടാണെന്നും അജയകുമാര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്‍റെയും പൊലീസിന്‍റെയും റിപ്പോര്‍ട്ടുകള്‍ ഉപാധ്യായ അട്ടിമറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരിയും മൊബൈലും പ്രതികള്‍ക്ക് ഡിഐജി വിനോദ് എത്തിക്കുന്നുണ്ട്. ഇതിനായി ജയില്‍ ഉദ്യോഗസ്ഥരെ തന്നെ ഏജന്‍റുമാരാക്കി. കൊടിസുനിയുടെ വീട്ടുകാര്‍ നിരന്തരം വിളിക്കുന്നത് വിനോദിനെയാണെന്നും ഫോണ്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും അജയകുമാര്‍ വെളിപ്പെടുത്തി. വിനോദ്കുമാറിനെതിരെ പരാതി നല്‍കിയതിന് തന്നെ ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും പെന്‍ഷന്‍ ആനുകൂല്യം പോലും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.