പാലക്കാട്ട് വിജയ സാധ്യതയുള്ള ഒരു സീറ്റ് കൂടി അധികം ആവശ്യപ്പെടാൻ മുസ്ലിംലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ചരിത്രനേട്ടം മുൻനിർത്തിയാകും ആവശ്യം. കോങ്ങാട് സീറ്റ് വെച്ചു മാറുമെന്നും പട്ടാമ്പി ആവശ്യപ്പെടുമെന്നും ലീഗ് ജില്ലാ പ്രസിഡണ്ട് മനോരമ ന്യൂസിനോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്ടും ലീഗിനുണ്ടായത് മികച്ച നേട്ടം. ജയിച്ചു വന്നത് 260 ജനപ്രതിനിധികൾ. 13 പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റ കക്ഷി. പട്ടാമ്പി, മണ്ണാർക്കാട് നഗരസഭയിലും കൂടുതൽ സീറ്റുകൾ. ഈ നേട്ടം നിർത്തിയാണ് UDF ൽ ഇത്തവണ ലീഗ് പിടിമുറുക്കുന്നത്. മണ്ണാർക്കാടിനു പുറമെ വിജയസാധ്യതയുള്ള ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. പാർട്ടിക്ക് ഏറെ മേൽക്കോയ്‌മയുള്ള പട്ടാമ്പിയാണ് ലക്ഷ്യം.
ലീഗ് മത്സരിച്ചു വരുന്ന കോങ്ങാട് മണ്ഡലം കോൺഗ്രസിനു വെച്ചു മാറാൻ പാർട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് പകരമായി മറ്റൊരു സീറ്റും മുന്നിൽ കാണുന്നുണ്ട്. പട്ടാമ്പി മണ്ഡലത്തിൽപെട്ട തദേശ സ്ഥാപനങ്ങളിൽ UDF ഇത്തവണ ചരിത്രനേട്ടമാണുണ്ടാക്കിയത്. നഗരസഭയും മൂന്നു പഞ്ചായത്തുകളും LDF ൽ നിന്നു തിരിച്ചു പിടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം വലത്തോട്ടടുക്കുമെന്ന് വിലയിരുതലുള്ളതിനാൽ കോൺഗ്രസ് വിട്ടുകൊടുക്കുമോ എന്നത് സംശയമാണ്. ലീഗ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ചർച്ചക്ക് തുടക്കമിട്ടുണ്ട്. എന്നാൽ, ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് DCC യുടെ വിശദീകരണം.