തൃശൂര്‍ മേയര്‍സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ലാലി ജെയിംസിന് സസ്പെന്‍ഷന്‍. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം.
സസ്പെന്‍ഷനെ ഭയപ്പെടുന്നില്ലെന്ന് ലാലി ജെയിംസ് പറഞ്ഞു. ശിക്ഷാ നടപടി സ്വീകരിക്കുന്നെന്നും പാര്‍ട്ടിക്ക് കൂടുതല്‍ ആഘാതം ഉണ്ടാക്കില്ലെന്നും ലാലി മനോരമ ന്യൂസിനോട് പറഞ്ഞു. ശിക്ഷിക്കാന്‍ അധികാരമുള്ളവരാണ് ശിക്ഷിച്ചതെന്നും ലാലി പറഞ്ഞു.
തൃശൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ കോർപറേഷൻ മേയറായി ഇന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാമത്തെ മേയർ . തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ. പണപ്പെട്ടി ആരോപണം ഉയർത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് , നിജിയ്ക്കു തന്നെ വോട്ട് ചെയ്തു. രണ്ട് സ്വതന്ത്ര കൗൺസിലർമാരും കോൺഗ്രസിനെ പിന്തുണച്ചു.
ലാലി ജെയിംസ് നാലു തവണ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചത് കാശു കൊടുത്താണോയെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ചോദിച്ചു. യൂത്ത് കോൺഗ്രസ് , ഡി.സി.സി വൈസ് പ്രസിഡന്റ് പദവികൾ. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി. 27 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചതിന്റെ ചരിത്രം ഡോക്ടർ നിജി ജസ്റ്റിൻ ഓർമിപ്പിച്ചു.