മധുരയില്‍ മദ്യലഹരിയിൽ വഴക്കിട്ട ഭർത്താവിനെ ഭാര്യ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്നു. മധുര തിരുനഗറിലെ പച്ചക്കറി വ്യാപാരി പാണ്ഡ്യരാജനാണ് കൊല്ലപ്പെട്ടത്. ഭാര്യ വിജയലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരമായി ഉണ്ടാകുന്ന വഴക്ക്, ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. മദ്യലഹരിയില്‍ ഉണ്ടായ വാക്ക് തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ ഭാര്യ വിജയലക്ഷ്മിയെ പാണ്ഡ്യരാജൻ നിലത്തേക്കു തള്ളിയിട്ടു. നിലത്തു വീണതിന്‍റെ പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന ചുറ്റിക കൊണ്ടു ഭര്‍ത്താവിന്‍റെ തലയുടെ പിൻഭാഗത്ത് അടിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പാണ്ഡ്യരാജൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പാണ്ഡ്യരാജൻ പതിവായി മദ്യപിച്ചു ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുനഗറില്‍ പച്ചക്കറി വ്യാപാരിയായ പാണ്ഡ്യരാജൻ സ്ഥിരം മദ്യപാനിയാണെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. പൊലീസ് കസ്റ്റഡിയില്ലെടുത്ത ഭാര്യ വിജയലക്ഷ്മിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.