പാലക്കാട്ട് ഇന്ത്യ മുന്നണി നീക്കമുണ്ടായില്ല. ബി ജെ പിക്ക് ഹാട്രിക് ഭരണം. നഗരസഭാ ചെയർമാനായി പി.സ്മിതേഷ് തിരഞ്ഞെടുക്കപ്പെട്ടു. തർക്കം മൂർഛിച്ചതിനു പിന്നാലെ സംസ്ഥാന നേതൃത്വം ഇടപ്പെട്ടാണ് ബിജെപിയിൽ അനുനയം ഉണ്ടാക്കിയത്.
റെക്കോർഡ് നേട്ടമാണ് ബിജെപിക്ക്. കേവലഭൂരിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി ജില്ലാ ആസ്ഥാനത്തെ നഗരസഭ ഭരണം നേടി. 10 വാർഡിൽ നിന്ന് ജയിച്ചു വന്ന പി സ്മിതേഷ് ചെയർമാൻ. ടി ബേബി വൈ. ചെയർപേഴ്സൺ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഇതുവരെയില്ലാത്ത തർക്കമാണ് പാർട്ടിയിലുണ്ടായത്. സി. കൃഷ്ണകുമാർ പക്ഷം ഒരുഭാഗത്തും മറുപക്ഷവും. ഒടുവിൽ സംസ്ഥാന നേതൃത്വം ഇടപെട്ടു മറുപക്ഷത്തെ സ്മിതേഷിനു ടിക്കറ്റ് നൽകി. നാല് തവണ കൗൺസിലറായിരുന്ന സ്മിതേഷ് രണ്ട് തവണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയതാണ്. നിലവിൽ പാർട്ടി ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി.
സ്വതന്ത്രനായി ജയിച്ചു വന്ന കൗൺസിലറെ LDF ഉം UDF ഉം പിന്തുണച്ച് മതേതര മുന്നണി രൂപീകരിക്കുമെന്ന അഭ്യൂഹം ബിജെപിക്ക് ആശങ്കയുണ്ടാക്കിയിരുന്നു. അത്തരം നീക്കത്തിലേക്ക് മുന്നണികൾ നീങ്ങാത്തത് അനുകൂലമായി. വിഭാഗീയത ഉറഞ്ഞു തുള്ളുന്ന ജില്ലയിൽ ഭരണം നിലനിർത്തുക എന്നതായിരിക്കും പാർട്ടിക്കും ഭരണസമിതിക്കും മുന്നിലെ വലിയ കടമ്പ. ശ്രദ്ധയോടെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്