ഡോ. നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഡപ്യൂട്ടി മേയറാകും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തൃശൂരിലെ മേയർ തർക്കം മാധ്യമ സൃഷ്ടി മാത്രമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

‌തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ് ഡോക്ടര്‍ നിജി ജസ്റ്റിന്‍. ഡി.സി.സി. വൈസ് പ്രസിഡന്‍റാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്‍റെ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്നു. ഇതിനു പുറമെ മഹിളാ കോണ്‍ഗ്രസ് നേതാവും. പലതവണ നിയമസഭാ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ വനിതാ നേതാവാണ് നിജി ജസ്റ്റിന്‍. ഭര്‍ത്താവ് ഡോക്ടര്‍ ജസ്റ്റിന്‍റെ പിതാവ് എന്‍.ഡി.ജോര്‍ജ് നേരത്തെ തൃശൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. നിജിയിലൂടെ നാല്‍പത്തിയൊന്നു വര്‍ഷത്തിനു ശേഷം ഇതേ വീട്ടിലേക്ക് നഗരസഭയുടെ ഭരണസാരഥ്യം എത്തുകയാണ്. തൃശൂര്‍ കോര്‍പറേഷനിലെ 33 കൗണ്‍സിലര്‍മാരില്‍ 19 പേരാണ് കോണ്‍ഗ്രസിന്‍റെ വനിതാ കൗണ്‍സിലര്‍മാര്‍. ഇവരില്‍ നിന്നാണ് നിജി ജസ്റ്റിനെ തിരഞ്ഞെടുത്തത്.

അതേസമയം, ‌കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സമരമുഖത്തെ തീപ്പൊരി നേതാവായിരുന്നു ഡപ്യൂട്ടി മേയറാകുന്ന എ.പ്രസാദ്. കെ.പി.സി.സി. സെക്രട്ടറിയാണ് നിലവില്‍. രണ്ടാം തവണയാണ് കോര്‍പറേഷന്‍ കൗണ്‍സിലറാകുന്നത്. ഡപ്യൂട്ടി മേയര്‍ പദവി ആദ്യവും. മുതിര്‍ന്ന വനിതാ കൗണ്‍സിലര്‍മാരായ ലാലി ജെയിംസ്, സുബി ബാബു എന്നിവര്‍ക്കും മേയര്‍ പദവി വീതംവച്ചു നല്‍കാന്‍ സാധ്യതയുണ്ട്. ഡപ്യൂട്ടി മേയറായി ബൈജു വര്‍ഗീസും അടുത്ത ടേമില്‍ വന്നേക്കും.

ENGLISH SUMMARY:

DCC President Joseph Tajet officially announced Dr. Niji Justin as the new Mayor of Thrissur Corporation. KPCC Secretary A. Prasad will take charge as the Deputy Mayor. The DCC leadership dismissed reports of internal conflict, calling it a media creation.