കേന്ദ്രമന്ത്രി സുരേഷ്ഗോപി വേദിയിലിരിക്കെ ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പരാമര്‍ശിച്ച് കോണ്‍ഗ്രസ് കൗണ്‍സിലറുടെ പ്രസംഗം. തൃശൂരില്‍ റസിഡന്‍റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷച്ചടങ്ങിലായിരുന്നു കൗണ്‍സിലര്‍ ബൈജു വര്‍ഗീസിന്‍റെ വിമര്‍ശനം. വിമര്‍ശനത്തിന് അതേ വേദിയില്‍ തന്നെ സുരേഷ് ഗോപി മറുപടി പറഞ്ഞു.
ക്രൈസ്തവർക്കെതിരെ വലിയ ആക്രമണങ്ങളാണ് ഉത്തരേന്ത്യയിൽ നടക്കുന്നതെന്നായിരുന്നു കൗൺസിലര്‍ ബൈജു വർഗീസിന്‍റെ പരാമർശം. ‘നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യൻ ജനങ്ങൾ ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് അനുഭവിക്കുന്നത്. ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാർത്ത നമ്മൾ കേൾക്കുന്നു. സത്യത്തിൽ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരങ്ങളുമാണ് ക്രിസ്തുവിനേക്കാൾ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്പോൾ മനസ് പിടയും. അവർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്’ ബൈജു വർഗീസ് പറഞ്ഞു.
'ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതിൽ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകൾ മാത്രമാണ്' സുരേഷ് ഗോപി പറഞ്ഞു.