പോറ്റിക്കൊപ്പമുള്ള ഫോട്ടോയില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ കാണുന്നതിന് മുന്‍പ് മുഖ്യമന്ത്രിയാണ് പോറ്റിയെ കണ്ടതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആറ്റിങ്ങള്‍ എംപി ആയിരുന്നപ്പോള്‍ പോറ്റി വന്ന് കണ്ടിരുന്നുവെന്നും സാമൂഹ്യസേവന പരിപാടിയെ പറ്റിയാണ് സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പോറ്റിയോടൊപ്പം സോണിയയെ കണ്ടു എന്നത് സത്യമാണ്. എന്നാല്‍, സോണിയക്ക് പോറ്റിയെ പരിചയപ്പെടുത്തിയത് താനല്ലെന്നും തെറ്റു പറ്റിയെങ്കില്‍  തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണികൃഷ്ണണന്‍ പോറ്റി പ്രതിയായ ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളുമായുള്ള ബന്ധത്തെ ചൊല്ലി നേതാക്കളുടെ വാക്ക് പോര് കനക്കുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. സ്വർണ്ണക്കൊള്ളയിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമെല്ലാമൊപ്പം  വിവിധ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഇത് ഉപയോഗിച്ചാണ് നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാര്‍ ഉൾപ്പെടെ അറസ്റ്റിൽ ആയതോടെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയാഗാന്ധിയുടെ ചിത്രം എടുത്ത് സിപിഎം നേതാക്കളാണ് ആരോപണങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി. ഇന്നലെ മുഖ്യമന്ത്രിയും മറുപടിയായി എത്തിയതോടെ വിവാദം കൊഴുത്തു.

‘സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ  ഗോവർധൻ എന്നിവര്‍ സോണിയ ഗാന്ധിക്കൊപ്പം  നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഗോവര്‍ധനില്‍ നിന്ന് സോണിയാ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന ചിത്രവും ഇതിനോടൊപ്പമുണ്ട് . രണ്ടാമത്തെ ചിത്രത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ കയ്യിൽ എന്തോ കെട്ടിക്കൊടുക്കുന്നുണ്ട്.  ചിത്രത്തില്‍  എംപിമാരായ ആന്‍റോ ആന്‍റണി, അടൂര്‍ പ്രകാശ് എന്നിവരുമുണ്ട്. സോണിയ ഗാന്ധിയുമായി എങ്ങനെയാണ് ഈ സ്വർണ്ണ കേസിലെ പ്രതികൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്?’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

ENGLISH SUMMARY:

UDF Convener Adoor Prakash responded to CM Pinarayi Vijayan's allegations regarding photos with Sabarimala scam accused Unnikrishnan Potti. Prakash stated that the CM met Potti before he did and clarified the context of Potti's meeting with Sonia Gandhi. He challenged the CM's remarks, calling them unfitting for his position.