സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ സീറ്റുകള്‍ പരസ്പരം വച്ചു മാറാനുളള ആലോചനയിലാണ് കോണ്‍ഗ്രസും മുസ്്ലിം ലീഗും. 12 നിയമസഭാ മണ്ഡലങ്ങള്‍ വച്ചു മാറാനുളള ആലോചനയിലാണ് യുഡിഎഫ്. സീറ്റു വച്ചു മാറ്റത്തിന് വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതൃത്വം.
തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ മല്‍സരിക്കുന്ന ഒാരോ സീറ്റിലും പരമാവധി മുന്നേറ്റം നടത്താനുളള ആലോചനയുടെ ഭാഗമാണ് സീറ്റുവച്ചു മാറ്റം. നിലവില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന കണ്ണൂര്‍ മണ്ഡലം ലീഗിന് ലഭിക്കുകയാണങ്കില്‍ വിജയസാധ്യത ഏറെയെന്നാണ് കണക്കുകൂട്ടല്‍. കോര്‍പ്പറേന്‍ തിരഞ്ഞെടുപ്പിലും കണ്ണൂര്‍ നഗരത്തില്‍ ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയത്. എ.പി.അബ്ദുല്ലക്കുട്ടിക്കു ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കണ്ണൂരില്‍ നിന്ന് ജയിക്കാനായിട്ടില്ല. പകരം ലീഗ് മല്‍സരിച്ചിരുന്ന കൂത്തുപറമ്പ് കോണ്‍ഗ്രസിന് വിട്ടു നല്‍കുന്നതാണ് പരിഗണിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന നാദാപുരത്തും ഏറെ സ്വീധീനം ലീഗിനാണ്. പകരം 2026 ല്‍ ലീഗ് മല്‍സരിച്ചു ജയിച്ച കുറ്റ്യാടി വിട്ടു നല്‍കാനുളള ആലോചനയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന പാറയ്ക്കല്‍ അബ്ദുല്ലക്ക് താല്‍പര്യമില്ലെന്നാണ് മനസിലാക്കുന്നത്.
ചര്‍ച്ചകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലം വിട്ടു നല്‍കാനും ലീഗ് തയ്യാറാവും. ജോസ് കെ.മാണി യു.ഡി.എഫിലേക്ക് വരികയാണങ്കില്‍ സംഭവിക്കാവുന്ന നീക്കുപോക്കുകളുടെ ഭാഗമായാവും തിരുവമ്പാടി വിട്ടു നല്‍കുക. സിപി മുഹമ്മദിന് ശേഷം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ കൈവിട്ട പട്ടാമ്പി കിട്ടിയാല്‍ കൊളളാമെന്ന് ലീഗിനുണ്ട്. പകരം പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ കോങ്ങാട് കോണ്‍ഗ്രസിനെടുക്കാം. അതിനൊപ്പം കോണ്‍ഗ്രസിന് ലീഗിനേക്കാള്‍ സാധ്യതയുളള ഗുരുവായൂര്‍ വിട്ടു നല്‍കാനും ലീഗ് തയാറാവു. ഗുരുവായൂരിന് പകരമായി കാലങ്ങളായി ഇടതുപക്ഷം ജയിക്കുന്ന മലപ്പുറം ജില്ലയിലെ തവനൂരിലേക്കോ പൊന്നാനിയിലേക്കോ മാറാനും മുസ്്ലിം ലീഗ് തയാറായേക്കും. 2021ല്‍ ലീഗ് ഏറെ പിറകില്‍ പോയ പുനലൂരില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നതാണ് നല്ലതെന്ന വികാരവും യുഡിഎഫിനുളളിലുണ്ട്.