ഐക്യ സദേശമുയർത്തി മലപ്പുറത്തെ സമസ്ത ശതാബ്‌ദി സന്ദേശ യാത്ര വേദിയിൽ സമസ്ത - ലീഗ് നേതാക്കൾ. സംഘടനയിൽ നിന്ന് ഭിന്നസ്വരം ഉയരരുതെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു. ഐക്യമാണ് സംഘടനയുടെ കരുത്തെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഓർമപ്പെടുത്തി.
രാവിലെ മുതൽ തന്നെ സമസ്ത പ്രവർത്തകരാൽ മലപ്പുറം നഗരം നിറഞ്ഞു. യാത്ര മലപ്പുറത്തു എത്തിയപ്പോൾ, പൊരിവെയിലിനെ അവഗണിച്ച് നഗരം തൂവെള്ളയണിഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും സ്വീകരണ വേദിയിലേക്ക്. പതാക കൈമാറ്റവുമായി ബന്ധപെട്ട് യാത്രയുടെ തുടക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എങ്കിലും യാത്ര മലബാറിൽ എത്തിയപ്പോൾ എല്ലാവരും ഒന്നിച്ചെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജാഥാ നായകൻ ജിഫ്രി മുത്തു തങ്ങളെ സാദിഖലി ശിഹാബ് തങ്ങൾ തലപ്പാവ് അണിയിച്ചു. തിരികെ ഷാൾ അണിയിച്ച് ജിഫ്രി തങ്ങളുടെ സ്നേഹം. ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന ആഹ്വാനമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം. ഭിന്നിപ്പ് വേണ്ടന്ന് ജിഫ്രി തങ്ങളും പറഞ്ഞു. പാണക്കാട്ടെ തങ്ങൾമാരും യാത്രായിൽ എത്തിയതോടെ പ്രവർത്തകരും ആവേശത്തിലായി.