കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെച്ചൊല്ലി എറണാകുളം യുഡിഎഫില്‍ പൊട്ടിത്തെറി. ഡിസിസി തീരുമാനം ഏകപക്ഷീയമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം കുറ്റപ്പെടുത്തി. ചര്‍ച്ചയ്ക്ക് മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല. യുഡിഎഫ് സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും ലീഗ് പറഞ്ഞു.
വിഷയം ചർച്ച ചെയ്യാൻ നാളെ മുസ്‌ലിം ലീഗ് നേതൃയോഗം ചേരുന്നുണ്ട്. ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് യുഡിഎഫിന് ലീഗിന്‍റെ മുന്നറിയിപ്പ്. നിസ്സഹകരിക്കാനും ആലോചനയുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമ്പോൾ മുന്നണി മര്യാദകൾ പാലിക്കാതിരിക്കുന്നത് ശരിയല്ലെന്നും ലീഗ് പറഞ്ഞു.
കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാനാണ് നിലവിലെ തീരുമാനം. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെ.വി.പി.കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. മേയര്‍ സ്ഥാനവും പങ്കിടുകയാണ്. വി.കെ.മിനിമോള്‍ ആദ്യ രണ്ടര വര്‍ഷം മേയറാകും. പിന്നീട് ഷൈനി മാത്യു മേയറാകും. മേയര്‍ സ്ഥാനത്തില്‍ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസും നേരത്തെ രംഗത്തെത്തിയിരുന്നു. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങ്ങും നടന്നില്ല. ഒന്നിലധികം ആളുകൾ വന്നാൽ കെപിസിസിക്ക് വിടണമെന്നായിരുന്നു നിർദേശമെന്നും ദീപ്തി പറഞ്ഞു.
കോർപറേഷനിലെ ആകെ 76 സീറ്റുകളാണുള്ളത്. കോൺഗ്രസ് 42, മുസ്‌ലീം ലീഗ് 3, കേരള കോൺഗ്രസ് 1, യുഡിഎഫ് സ്വതന്ത്രൻ 1. എൽഡിഎഫ് 22, എൻഡിഎ 6, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് സീറ്റുനില.