Image: facebook.com/advdeepthimaryvarghese

Image: facebook.com/advdeepthimaryvarghese

കൊച്ചി കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ദീപ്തി പറഞ്ഞു. തന്റെ പേര് ഒഴിവാക്കിയെങ്കില്‍ അതിന് താനല്ല മറുപടി പറയേണ്ടത്. നയിക്കണമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ്. പിന്നെ എന്ത് സംഭവിച്ചുവെന്ന് വി.ഡി.സതീശന്‍ പറയട്ടെ. ഇക്കാര്യങ്ങളില്‍ പ്രതിഷേധത്തിനില്ല,  കെപിസിസിയില്‍ നിലപാടറിയിക്കുമെന്നും ദീപ്തി പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് അഭിപ്രായം സ്വതന്ത്രമായി പറയാനായില്ലെന്നും അക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. രഹസ്യ വോട്ടെടുപ്പ് നടന്നില്ലെന്നും ദീപ്തി ആരോപിച്ചു.

കൊച്ചി മേയര്‍ പദവി വി.കെ.മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെ ഇന്നലെ തന്നെ ദീപ്തി മേരി വര്‍ഗീസ് അതൃപ്തി പരസ്യമാക്കിയിരുന്നു. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ദീപ്തി പ്രതികരിച്ചത്. കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങും നടന്നില്ല. ഒന്നിലധികം ആളുകൾ വന്നാൽ കെപിസിസിക്ക് വിടണമെന്നായിരുന്നു നിർദേശമെന്നും ദീപ്തി പറഞ്ഞു. പ്രതിപക്ഷനേതാവിനോട് പരിഭവവും, പരാതിയുമില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാൻ നേതൃത്വം ചർച്ച നടത്തും. ദീപ്‌തിക്ക് കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി അധ്യക്ഷ പദവി നൽകും. നിയമസഭയിലേയ്ക്ക് മൽസരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍ മേയർ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ ദീപ്തി കെപിസിസിക്ക് നൽകിയ പരാതിയിൽ കാര്യമായ നടപടിയുണ്ടാകാനിടയില്ല.

കൊച്ചി മേയറെ തീരുമാനിച്ചതില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ അജയ് തറയിലും രംഗത്തെത്തിയിട്ടുണ്ട്. ദീപ്തിയെ വെട്ടാനുള്ള അജണ്ടയാണ് നടപ്പിലാക്കിയത്. കോര്‍ കമ്മിറ്റി കൂടാതെ തീരുമാനം എടുത്തെന്നും കൊച്ചിയില്‍ പുതിയ പവര്‍ ഗ്രൂപ്പ് രൂപപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മേയര്‍ തിരഞ്ഞെടുപ്പില്‍ അന്വേഷണം വേണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

KPCC General Secretary Deepti Mary Varghese criticized the Kochi Mayor selection process, alleging that councilors were unable to express their opinions freely. While she offered support to the newly elected mayor, she demanded an explanation from Opposition Leader VD Satheesan on why she was sidelined despite his initial support.