sabarimala-gold

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയ സംഘത്തലവനെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയ ‘ഡി മണി’ എന്നയാളുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി. ചെന്നൈ സ്വദേശിയുടെ സംഘവുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം. അന്വേഷണ സംഘം ചെന്നൈയിലേക്ക് പുറപ്പെടും. ഇന്നോ നാളെയോ ഇയാളെ ചോദ്യം ചെയ്തേക്കും. രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയാണ് ‘ഡി മണി’ കുറിച്ചും വിഗ്രഹ കടത്ത് സംഘത്തെ കുറിച്ചും എസ്ഐടിക്ക് മൊഴി നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദുരൂഹത വര്‍ധിപ്പിച്ചാണ് വിദേശ വ്യവസായിയുടെ മൊഴി പുറത്തുവന്നത്. സ്വര്‍ണം ഉരുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ വിഗ്രഹ കടത്ത് ശബരിമലയില്‍ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി ഉറപ്പിച്ച് പറയുന്നത്. 2019–20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി.മണി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍. വിഗ്രഹങ്ങള്‍ കൊടുക്കാന്‍ നേതൃത്വം കൊടുത്തത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്. 

2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹക്കടത്തിനുള്ള പണംകൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഈ ഉന്നതനും മാത്രമാണ് പണംകൈമാറ്റത്തില്‍ പങ്കെടുത്തതെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാല്‍ മൊഴി വിശ്വസിക്കാനാകുമോയെന്നുള്ള പരിശോധനയിലാണ് എസ്.ഐ.ടി. ഇതുവരെയുള്ള അന്വേഷണത്തില്‍ പഞ്ചലോഹവിഗ്രഹങ്ങള്‍ നഷ്ടമായതായി വിവരം ലഭിച്ചിരുന്നില്ല. അങ്ങിനെയുണ്ടങ്കില്‍ ഈ ഞെട്ടിക്കുന്ന മൊഴിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടിവരും.

അതേസമയം, കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ മറ്റന്നാൾ വീണ്ടും ചോചോദ്യം ചെയ്യും. കെ.പി.ശങ്കർദാസിനും എൻ.വിജയകുമാറിനും 26 ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് തവണ ചോദ്യം ചെയ്തിരുന്ന ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്. സ്വർണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് 2019 ലെ ദേവസ്വം ബോർഡിന്‍റെ കൂട്ടായ തീരുമാനമെന്നാണ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിന്‍റെ മൊഴി. അതിനാൽ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമെന്നാണ് അവകാശവാദം. അതിനാൽ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്.

ENGLISH SUMMARY:

The Special Investigation Team (SIT) has confirmed the existence of 'D Mani', a Chennai native allegedly involved in smuggling Panchaloha idols from Sabarimala. Following a Malayali NRI businessman's statement, SIT is investigating the sale of four idols to an international syndicate. The probe is also tracking the role of a top Devaswom official and middleman Unnikrishnan Potti.