കൊച്ചി മേയറെ തീരുമാനിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ പോര് കടുത്തു. ദീപ്തി മേരി വര്‍ഗീസിനെ പിന്തുണച്ചും പ്രതിപക്ഷനേതാവിനെ ഉന്നമിട്ടും മാത്യു കുഴല്‍ നാടനും അജയ് തറയിലുമടക്കം രംഗത്തെത്തി. അജയ് തറയില്‍ നേതൃത്വത്തിന് പരാതി നല്‍കി. പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.
ഡിസിസി പ്രസിഡന്റിന് നേരെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിലും വിമർശനങ്ങളുടെ കൂരമ്പ് ചെല്ലുന്നത് പ്രതിപക്ഷ നേതാവിന് നേരെ. തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനുള്ള മറുപടി പ്രതിപക്ഷ നേതാവ് പറയണം എന്ന ദീപ്തി മേരി വർഗീസിന്റെ പ്രതികരണത്തിലുമുണ്ട് ആ ഒളിയമ്പ്.
എല്ലാക്കാര്യത്തിലും ഒരേ മാനദണ്ഡം വേണമെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയും ഉന്നം വയ്ക്കുന്നത് പ്രതിപക്ഷ നേതാവിനെ തന്നെ. തീരുമാനത്തിന് പിന്നിൽ പവ്വർ ഗ്രൂപ്പെന്ന അജയ് തറയിലിന്‍റെ പ്രസ്താവനയുടെ ലക്ഷ്യവും ഒന്നുതന്നെ. സമാദാനത്തിന് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര വിജയിക്കുന്നില്ല. നേതൃത്വത്തിൽ രക്ഷ തേടുകയാണ് ഡിസിസി പ്രസിഡന്റ്. അപ്പോഴും കാര്യങ്ങൾ കൃത്യമായി മുഹമ്മദ് ഷിയാസിന് അറിയാം പ്രശ്നം ഒടുങ്ങാത്തതിനാൽ തർക്കം ഇനിയും തുടരും.