വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തെയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിലെ പ്രവണതകള്‍ പലതും കേരളത്തിലേക്ക് പറിച്ചു നടുന്ന രീതിയാണ് കാണുന്നത്. അതിനുപറ്റിയ മണ്ണല്ല കേരളത്തിലേതെന്ന് പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കൊല്ലപ്പെട്ട റാം നാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം വീതം ഭാര്യയ്ക്കും അമ്മയ്ക്കും 20 ലക്ഷം മക്കള്‍ക്കും നല്‍കും.
ക്രിസ്മസ് ആഘോഷങ്ങളെ സംഘപരിവാര്‍ കടന്നാക്രമിക്കുകയാണ്. കാരള്‍ സംഘങ്ങളെ അപമാനിച്ച് സംസാരിക്കുന്നു. ആക്രമണം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ ന്യായീകരിക്കുകയാണ് ബിജെപി നേതാക്കള്‍. ഇത്തരം ശക്തികള്‍ തലപൊക്കുന്നത് ഗൗരവതരമാണെന്നും ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കേക്കുമായി പോയവരാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബൈബിള്‍ വാക്യം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
ആര്‍എസ്‍എസിന് കീഴടക്കാന്‍ സാധിക്കാത്തതാണ് കേരളത്തിന്‍റെ മനസ്. ജനപിന്തുണയില്ല. പരാജയവും നൈരാശ്യവും കൊണ്ടാണ് കേന്ദ്രം കേരളത്തിനെതിരെ അധികാരം പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനൊപ്പം വികസനത്തെ കുറിച്ചും സംസാരിക്കുന്നു. ഇത് കേന്ദ്രത്തിന്‍റെ ഇരട്ടത്താപ്പാണ്. അർഹമായ വിഹിതം വെട്ടിക്കുറച്ചും വായ്പാ പരിധി കുറച്ചും കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രം അര്‍ഹമായ സാമ്പത്തിക വിഹിതം നല്‍കുന്നില്ല. 14,358 കോടി വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറച്ചു. കേരളത്തിന്‍റെ വികസന മാതൃകയെ തകർക്കുകയാണ് ലക്ഷ്യമെന്നും വായ്പ പരിധി വെട്ടിക്കുറയ്ക്കല്‍ സാമ്പത്തിക ഉപരോധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.