വിഷ്ണുപുരം ചന്ദ്രശേഖരന്‍
യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അറിയിക്കാന്‍ പത്തുതവണ വി.ഡി.സതീശനെ വിളിച്ചെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍. അതേസമയം, യുഡിഎഫിനെ വഴിയമ്പലമായി നോക്കിക്കാണരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുഡിഎഫില്‍ എത്തിയ പി.വി. അന്‍വറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.
യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കേരള കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രന്‍ശേഖരന്‍ പക്ഷെ താന്‍ കോണ്‍ഗ്രസ് നേതാക്കളുമായി നാലുമാസം മുന്‍പ് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് മനോരമ ന്യൂസിനോട് പ്രതികരിച്ചു. മുന്നണി പ്രവേശനം ചര്‍ച്ചയായില്ലെന്ന് ആണയിടുന്ന വിഷ്ണുപുരം ചന്ദ്രശേഖരന്‍ യുഡിഎഫിലെടുക്കാന്‍ താന്‍ കത്തുനല്‍കിയിരുന്നെങ്കില്‍ അത് പുറത്തുവിടാന്‍ വെല്ലുവിളിച്ചു. എന്‍ഡിഎയില്‍ ഇതുവരെ കിട്ടിയത് ചായയും വടയും മാത്രമാണെന്നും വിഷ്ണുപുരം. വിഷ്ണുപുരത്തിന്‍റെ മലക്കം മറിച്ചില്‍ വിലപേശല്‍ തന്ത്രമെന്ന് കെ. മുരളീധരന്‍.
മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തണമെന്നും വിഷ്ണുപുരത്തിന്‍റെ പാര്‍ട്ടിയെക്കുറിച്ച് അറിയില്ലെന്നും പ്രതികരിച്ച് മുല്ലപ്പള്ളി അതൃപ്തി പരസ്യമാക്കി. അന്‍വര്‍ ഇനി വാക്കുകളില്‍ സംയമനം പാലിക്കണമെന്നും മുന്നറിയിപ്പ്. യുഡിഎഫ് അസോഷ്യേറ്റ് അംഗമായ പി.വി അന്‍വറിനെ സ്വാഗതം ചെയ്ത് ബേപ്പൂരില്‍ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മല്‍സരിക്കുമെന്ന് അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ വെല്ലുവിളിച്ചിരുന്നു.