ആലപ്പുഴ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ആൾക്കെതിരെ രണ്ടു വാർഡുകളിലായി ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് തോറ്റ LDF സ്ഥാനാർഥി നൽകിയ പരാതിയിൽ ട്വിസ്റ്റ്. പരാതി നൽകിയ ഇടതു സ്ഥാനാർഥിക്കും രണ്ടു വാർഡുകളിൽ വോട്ടുണ്ടെന്ന് രേഖകൾ. ഇടത് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് യുഡിഎഫ്.
ആലപ്പുഴ നഗരസഭ വലിയമരം വാർഡിലാണ് ഇരട്ടവോട്ട് വിവാദം. യുഡിഎഫ് , എൽഡിഎഫ് , ബിജെപി , SDPl , CPM വിമത സ്ഥാനാർത്ഥികളെല്ലാം മൽസരിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഷംന മൻസൂർ ആണ് വിജയിച്ചത്. വിജയത്തിനു പിന്നാലെ പരാതിയുമായി തോറ്റ എൽഡിഎഫ് സ്ഥാനാർഥി സജ്ന അസ്ഹർ രംഗത്തുവന്നു. വലിയ മരം വാർഡിലും വലിയ കുളം വാർഡിലും വോട്ടർ പട്ടികയിൽ പേരുണ്ടെന്നായിരുന്നു വരണാധികാരിക്ക് നൽകിയ പരാതിയിൽ പറയുന്നത്. 12 വർഷമായി വലിയ മരം വാർഡിൽ മാത്രമാണ് വോട്ട് ചെയ്തു വരുന്നതെന്നും അവിടെ വോട്ടർ പട്ടികയിൽ പേരുള്ള കാര്യം തനിക്കറിയില്ലെന്നുമാണ് ഷംന മൻസൂർ പറയുന്നത്.
ഇതിനു പിന്നാലെ യുഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് പരാതി നൽകിയ എൽഡിഎഫ് സ്ഥാനാർഥി സജ്ന അസ്ഹറിന് സ്റ്റേഡിയം, കളപ്പുര വാർഡുകളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയത്. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. പരാതികളുമായി രണ്ടു മുന്നണികളും മുന്നോട്ടു പോയാൽ നിയമ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.