തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചേക്കില്ല. നീക്കുപോക്കുണ്ടാക്കുന്നത് ബിജെപിക്ക് ആയുധമാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട്. കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ഇന്ന് വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച യുഡിഎഫ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. വൈകിട്ട് അഞ്ചിന് ഇന്ദിരാഭവനിലാണ് കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം.
തിരുവനന്തപുരം കോര്‍പറേഷനിലും പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളിലും ഇന്ത്യ സഖ്യത്തിന് സാധ്യതയില്ല. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
തൃപ്പൂണിത്തുറയില്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി സിപിഎമ്മുമായി സഹകരിക്കണമെന്ന് തൃപ്പൂണിത്തുറയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എന്‍ വേണുഗോപാലും പ്രാദേശിക നേതാക്കളും ആവശ്യപ്പെടുന്നു.
എന്നാല്‍ കേരളത്തിന്‍റെ രാഷ്ട്രീയസാഹചര്യത്തില്‍ ഇത് തരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിലപാട്. തിരുവനന്തപുരത്ത് രണ്ട് സ്വതന്ത്രരുടെ പിന്തുണവേണം. ഭരണസ്ഥിരത വെല്ലുവിളിയായിരിക്കും. കോണ്‍ഗ്രസ്, സിപിഎം സഹകരണം ബിജെപി പ്രചാരണ വിഷയമാക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് ഗുണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു.
തൃപ്പൂണിത്തുറയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഏകപപക്ഷീയമായ പ്രഖ്യാപിച്ച് സിപിഎം കോണ്‍ഗ്രസുമായി നീക്കുപോക്കിന് താല്‍പര്യക്കുറവുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയുടെ കാര്യത്തില്‍ തീരുമാനം ഡിസിസി കെപിസിസിക്ക് വിട്ടിരിക്കുകയാണ്.
സിപിഎം സഹകരണം പ്രദേശികമായി തീരുമാനിക്കേണ്ടതല്ലെന്നും സംസ്ഥാനതലത്തില്‍ സ്വീകരിക്കേണ്ട നയപരമായ തീരുമാനമാണെന്നുമാണ് നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് കോര്‍കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും.