പാലക്കാട് നഗരസഭയില്‍ ബിജെപിയെ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത്നിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം. ഇതിന് നേതൃത്വം വഹിക്കേണ്ടത് മുഖ്യധാര പാര്‍ട്ടികളാണെന്നും ലീഗ് നിരുപാധികം പിന്തുണയ്ക്കുമെന്നും ജില്ലാ പ്രസിഡന്‍റ് മരക്കാര്‍ മാരായമംഗലം പറഞ്ഞു.
യു.ഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ കോണ്‍ഗ്രസുമായി സംസാരിച്ചു. സിപിഎം മുന്നോട്ട് വരണം. രണ്ടുപേരും തയ്യാറാണെങ്കില്‍ ലീഗിന്‍റെ കാര്യത്തില്‍ സംശയം വേണ്ടെന്നും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങിയതാണെന്നും മരക്കാര്‍ പറഞ്ഞു.
ബിജെപിയെ പുറത്ത് നിര്‍ത്തുക എന്നത് ലീഗിന്‍റെ ത്വാത്വികവും സൈദ്ധാന്തികവുമായ നയമാണ്. അവര് പറയുന്ന സ്ഥാനാര്‍ഥി, ഇവര്‍ പറയുന്ന സ്ഥാനാര്‍ഥി എന്നില്ല. മാര്‍ക്സിസ്റ്റാണെങ്കിലും അംഗീകരിക്കും. ബിജെപി അധികാരത്തില്‍ വരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്. ചര്‍ച്ച നടത്താനുള്ള താല്‍പര്യം വരികയാണെങ്കില്‍ സിപിഎമ്മിനോട് സംസാരിക്കാനും വിരോധമില്ലെന്നും ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
53 അംഗ പാലക്കാട് നഗരസഭയില്‍ ഒരു കക്ഷിക്കും കേവലഭൂരിപക്ഷമില്ല. 25 സീറ്റില്‍ വിജയിച്ച ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫ് -18, എല്‍ഡിഎഫ്- 9, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ യുഡിഎഫും എല്‍ഡിഎഫും സഹകരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിന്‍റെ പിന്തുണ.