sureshgopi-rajeev-chandrasekhar-2

കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതോടെ സംസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തിരിച്ചടി. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിലും വാഗ്ദാനങ്ങളില്ലാതെ പോയതോടെ തുടര്‍ച്ചയായ അവഗണനയെന്ന ആരോപണം സര്‍ക്കാരും യു.ഡി.എഫും ശക്തമാക്കും. ഇതോടെ കൃത്യമായ മറുപടി പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോള്‍ അതിവേഗ റയിലും തലസ്ഥാനത്തിന് വികസന രേഖയും. ഇതായിരുന്നു ബി.ജെ.പി അവകാശപ്പെട്ടിരുന്ന ആദ്യ സ്വപ്നം. മേയറെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി മടങ്ങിയതല്ലാതെ ഒന്നും കിട്ടിയില്ല.

എയിംസ് പ്രഖ്യാപിച്ച് കഴിഞ്ഞെന്ന തരത്തിലായിരുന്നു സുരേഷ് ഗോപിയടക്കമുള്ള ബി.ജെ.പി നേതാക്കളുടെ സംസാരമെല്ലാം. എവിടെ സ്ഥാപിക്കണമെന്ന് വരെ ചര്‍ച്ചകള്‍ കൊഴുത്തു. പക്ഷേ ബജറ്റിനെപ്പറ്റിയുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ കേരളത്തില്‍ വന്നശേഷം മാധ്യമങ്ങളെ കാണുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

വന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചാണ്, തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കാണുന്ന മാതൃകയില്‍ ബി.ജെ.പി നേതാക്കളെല്ലാം ഇന്നലെ ബജറ്റ് അവതരണം കാണാന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഒന്നിച്ചിരുന്നത്. പക്ഷെ അവതരണം കഴിഞ്ഞതോടെ എന്ത് പറയണമെന്ന് അറിയാതെ വെട്ടിലായി.

കേന്ദ്രത്തിന്‍റെ സമ്പൂര്‍ണ അവഗണന എന്ന ആക്ഷേപം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ഏറ്റെടുത്തു. നേമവും വട്ടിയൂര്‍ക്കാവും കഴക്കൂട്ടവുമടക്കം സ്വപ്നം കാണുന്ന മണ്ഡലങ്ങളിലെല്ലാം വികസനം എന്നതായിരുന്നു രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. പറയുന്നതല്ലാതെ നടപ്പാക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നതോടെ തിരഞ്ഞെടുപ്പ് തന്ത്രം മാറ്റിയെഴുതേണ്ട ഗതികേടിലാണ് സംസ്ഥാന ബി.ജെ.പി. ആവശ്യമുള്ള പദ്ധതികള്‍ നേടിയെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും കഴിയുന്നില്ലെന്ന ആക്ഷേപം ബി.ജെ.പിക്കുള്ളിലും ചര്‍ച്ചയാകുന്നുണ്ട്.

ENGLISH SUMMARY:

With the Union Budget completely ignoring Kerala, the BJP’s election strategies in the state have suffered a major setback. The Prime Minister’s visit to Thiruvananthapuram also ended without any new promises, intensifying accusations of continued neglect by both the state government and the UDF. As a result, the state BJP leadership is struggling to offer a proper explanation.