സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ ഗവർണറുമായി മുഖ്യമന്ത്രി സമവായത്തിൽ എത്തിയതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എതിർപ്പ്. മുഖ്യമന്ത്രിയുടെ തീരുമാനം രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കില്ലേ എന്ന് നേതാക്കൾ സംശയം ഉന്നയിച്ചു. ഇതാദ്യമായാണ് മുഖ്യമന്ത്രി തീരുമാനിച്ച ഒരു വിഷയത്തിൽ പാർട്ടി കമ്മിറ്റിയിൽ വിയോജിപ്പുയരുന്നത് . തിരിച്ചടി ഉണ്ടാകുമ്പോൾ അപ്പോൾ നോക്കാമെന്നും തർക്കം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ മറ്റു ചർച്ചകൾ ഉണ്ടായില്ല.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിന് നേരെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ സംശയങ്ങൾ ഉയർത്തിയത്. പിണറായിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടില്ലെന്ന ധാരണയാണ് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ ചില നേതാക്കൾ ഇല്ലാതാക്കിയത്.
രാഷ്ട്രീയമായി വിയോജിച്ച് നിൽക്കുമ്പോൾ ഗവർണറുമായി സർവകലാശാല വിസി വിഷയത്തിൽ സമവായത്തിൽ എത്തിയത് നാളെ തിരിച്ചടി ആകില്ലേ എന്നതായിരുന്നു സിപിഎമ്മിൽ ഉയർന്ന ചോദ്യം. പി എം ശ്രീക്ക് സമാനമായ തിരിച്ചടി സർവകലാശാല വിസി മാരുടെ കാര്യത്തിലും ഭാവിയിൽ ഉണ്ടാകാമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം വന്നു.
സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തിയിട്ട് ഒടുവിൽ കീഴടങ്ങുന്നത് ഗുണം ചെയ്യില്ലെന്ന് ഒന്നിലേറെ നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ സമവായത്തിൽ എത്താനുള്ള തീരുമാനത്തെ പാർട്ടി സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി ന്യായീകരിച്ചു. സമവായത്തിൽ എത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നും അനിശ്ചിതകാലം നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനം സുപ്രീംകോടതിക്ക് വിടുന്നത് ഭാവിയിൽ വിസി നിയമനം നടത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ അവകാശത്തെ പോലും ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഭാവിയിൽ തിരിച്ചടി വന്നാൽ അപ്പോൾ നോക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ മുഖ്യമന്ത്രിയുടെ തീരുമാനം പാർട്ടി സെക്രട്ടറിയേറ്റ് അംഗീകരിച്ചതായാണ് വിവരം.