സർവ്വകലാശാലാ വൈസ് ചാൻസലർ (വി.സി) നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും തമ്മിലുണ്ടായ ഒത്തുതീർപ്പ് നീക്കത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത ഭിന്നത. മുഖ്യമന്ത്രിയുടെ നീക്കം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് മുതിർന്ന നേതാക്കൾ സംശയം പ്രകടിപ്പിച്ചു.
സാങ്കേതിക സർവ്വകലാശാല (കെ.ടി.യു) വി.സിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവ്വകലാശാല വി.സിയായി സജി ഗോപിനാഥിനെയും നിയമിക്കാനാണ് മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ധാരണയായത്. ഈ വിവരം മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് അസാധാരണമായ വിയോജിപ്പുകൾ ഉയർന്നത്.
ഗവർണറുമായി ഇത്തരത്തിൽ ഒരു ഒത്തുതീർപ്പിലെത്തുന്നത് രാഷ്ട്രീയമായി പാർട്ടിക്ക് വലിയ ദോഷം ചെയ്യില്ലേ എന്ന ചോദ്യം നേതാക്കൾ ഉയർത്തി. പി.എം. ശ്രീ (PM-SHRI) പദ്ധതിക്ക് സമാനമായി കേന്ദ്ര സർക്കാരുമായോ അതിന്റെ പ്രതിനിധിയായ ഗവർണറുമായോ ധാരണയിലെത്തുന്നത് പാർട്ടിയുടെ പോരാട്ടവീര്യത്തെ ബാധിക്കുമെന്ന ആശങ്ക നേതാക്കൾ പങ്കുവെച്ചു.
സാധാരണയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്ന തീരുമാനങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചോദ്യങ്ങൾ ഉയരാറില്ലെങ്കിലും, ഇത്തവണ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത് എന്നത് ശ്രദ്ധേയമാണ്.
വിമർശനങ്ങൾ ഉയർന്നതോടെ മുഖ്യമന്ത്രി തന്റെ നിലപാട് വിശദീകരിച്ചു. വി.സി നിയമനത്തിൽ സമവായത്തിലെത്തണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശമുണ്ട്. സർവ്വകലാശാലാ കാര്യങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. നിലവിൽ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഈ സമാവായത്തിന് തയ്യാറായത്. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് അപ്പോൾ പരിശോധിക്കാമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും കേന്ദ്ര നേതൃത്വം നിലവിൽ ഈ വിഷയത്തിൽ നേരിട്ട് ഇടപെടുന്നില്ല. സംസ്ഥാന ഘടകം തന്നെ പ്രശ്നം പരിഹരിക്കട്ടെ എന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ തൽക്കാലം വിവാദം അടങ്ങിയെങ്കിലും, സർക്കാരിനെതിരായ സമരങ്ങളിൽ ഗവർണറെ പ്രതിക്കൂട്ടിലാക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെ ഈ ഒത്തുതീർപ്പ് ദുർബലപ്പെടുത്തുമെന്ന അമർഷം പാർട്ടിയിൽ പുകയുകയാണ്.