തൃശൂര്‍ കോര്‍പറേഷന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സ്വതന്ത്ര മേയര്‍ എം.കെ.വര്‍ഗീസ് അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം പടിയിറങ്ങി. മേയറുടെ ഔദ്യോഗിക വാഹനം മടക്കിനല്‍കി ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേയ്ക്കുള്ള മടക്കം.
എല്‍.ഡി.എഫിനും യു.ഡി.എഫിനും കൗണ്‍സിലര്‍മാരുടെ എണ്ണം തുല്യം. പിന്നെ ആകെയുള്ള സ്വതന്ത്രന്‍ എം.കെ.വര്‍ഗീസ്. ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞാല്‍ ഒരേയൊരു മേയറിനെ സാധ്യതയുണ്ടായിരുന്നുള്ളൂ. സി.പി.എം രണ്ടു വര്‍ഷത്തേയ്ക്കു മേയര്‍ പദവിയെന്ന ധാരണയില്‍ മുന്നോട്ടുപോയി. പക്ഷേ, മേയര്‍ പദവി എം.കെ.വര്‍ഗീസ് തീരുമാനിക്കുമെന്ന അവസ്ഥ ആയതിനാല്‍ അഞ്ചു വര്‍ഷവും മേയര്‍ കസേര കിട്ടി. നെട്ടിശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ എം.കെ.വര്‍ഗീസ് വിമതനായി മല്‍സരിച്ചു ജയിച്ചു. ഒരുപക്ഷേ, കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരിക്കലും കിട്ടുമായിരുന്നില്ല ഈ പദവി. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നില്ലെന്ന പരാതി വന്നപ്പോള്‍ ആദ്യവിവാദം. പിന്നെ, സുരേഷ് ഗോപിയുമായുള്ള അടുപ്പം തുടര്‍ച്ചയായ വിവാദങ്ങള്‍ സൃഷ്ടിച്ചു. മേയര്‍ ഭരിച്ചത് തൃശൂരുകാരുടെ ഭാഷയില്‍ വര്‍ഗീസേട്ടന്‍റെ സ്വന്തം പോളിസിയിലായിരുന്നു.
ആകാശപ്പാത, വടക്കേ ബസ് സ്റ്റാന്‍ഡ് തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ കൊണ്ടുവന്നു. കോര്‍പറേഷന്‍റെ ഭരണചരിത്രമെടുത്താല്‍ വര്‍ഗീസ് കാലം വേറിട്ടുനില്‍ക്കും. ഗാന്ധിപ്രതിമയില്‍ ഹാരം ചാര്‍ത്തിയായിരുന്നു എം.കെ.വര്‍ഗീസിന്‍റെ മടക്കം. ഇനി, കോണ്‍ഗ്രസിലേയ്ക്കു മടങ്ങുമോ?. അതോ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി വരുമോ?. കാത്തിരുന്നു കാണാം ഈ ചോദ്യത്തിനുള്ള ഉത്തരം.