Image: facebook.com/josek.mani
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എം ഇടതിനൊപ്പമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. സംഘടനാപരമായി പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പോരായ്മയും വീഴ്ചയുമുണ്ട്, പരിശോധിച്ച് പരിഹരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. എൽഡിഎഫ് യോഗത്തിനു ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രതികരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയ കേരള കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും ജോസ് കെ.മാണി മറുപടി നല്‍കി. വെള്ളം കോരിയൊഴിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഉണ്ടെന്നും ജോസ് കെ.മാണി. രണ്ടില കൊഴിയുകയും കരിയുകയും ചെയ്യുമ്പോള്‍ വെളളം ഒഴിച്ചുകൊടുക്കുന്ന ജോലി യുഡിഎഫ് ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു മോന്‍സ് ജോസഫിന്‍റെ വിമര്‍ശനം.
പാലാ മുന്‍സിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണ് കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. അതേസമയം തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്തെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ്.കെ.മാണിയെ കൂടി ഉള്‍പ്പെടുത്തിയുള്ള മുന്നണി വിപുലീകരണ നീക്കങ്ങളെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ തള്ളിയിരുന്നു.