league-kolavili

വളാഞ്ചേരിയില്‍ യൂത്ത് ലീഗ് നേതാവിന്‍റെ കൊലവിളി പ്രസംഗം. ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടിമാറ്റുമെന്നാണ് ഭീഷണി. തങ്ങളെ തല്ലിയവരെ തിരിച്ചുതല്ലുമെന്നും വീട്ടില്‍ കയറി കാല് തല്ലിയൊടിക്കുമെന്നും പ്രസംഗത്തില്‍ പറയുന്നു. യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദിനാണ് കൊലവിളി നടത്തിയത്. 

നമ്മുടെ പ്രവർത്തകരുടെ മേലെ കൈയ്യോങ്ങാൻ വന്നിട്ടുണ്ടേല്‍ വന്നവരുടെയെല്ലാം കൈ വെട്ടിമാറ്റും... മുസ്ലിം ലീഗാണ് ഈ പറയുന്നത്, യുഡിഎഫിന്‍റെ പ്രവർത്തകരാണ് പറയുന്നത്. ഞങ്ങളുടെ കെഎംസിസിയുടെ നേതാവ് ഇബ്രാഹിം കുട്ടിയെ തച്ചവനെ തിരിച്ചു തല്ലാതെ  ഞങ്ങൾ ഈ പ്രസ്ഥാനത്തിൽ നിന്ന് വിട്ടു പോവുകയില്ല. ഈ പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ വീട്ടിൽ കയറി നിങ്ങളുടെ കാലിന്‍റെ കണ്ണ മുറിച്ചിട്ടല്ലാതെ ഈ പ്രസ്ഥാനം പിന്നോട്ട് പോവുകയില്ലെന്നും ശിഹാബുദീന്‍ ഭീഷണിപ്പെടുത്തി.  

എല്ലാവരുടെയും പേരെടുത്ത് പറയുമെന്നും ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വേദിയിലേക്ക് വരണമെന്നും തെറിവിളികളോടെ യുത്ത് ലീഗ് നേതാവ് പറയുന്നു. മാന്യമായി വോട്ട് ചോദിച്ച് വിജയിച്ചു വന്നവരാണെന്നും സിപിഎമ്മിനെ പോലെ പണം വെച്ചുകൊണ്ടോ പവർ വെച്ചുകൊണ്ടോ വിജയിച്ചതല്ലെന്നും പ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. വളാഞ്ചേരിയിലെ യുഡിഎഫിന്‍റെ വിജയാഘോഷത്തിലായിരുന്നു കൊലവിളി പ്രസംഗം.

ENGLISH SUMMARY:

Youth League Leader's Threatening Speech: A Youth League leader in Valanchery delivered a threatening speech, warning against any harm to League members and threatening retaliation. The speech, delivered during a UDF victory celebration, has sparked controversy and raised concerns about political tensions in the region.