തദേശ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകണക്ക് അനുസരിച്ച് യു.ഡി.എഫ് 80 നിയോജക മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. എല്‍.ഡി.എഫ് 58 ലേക്ക് കൂപ്പുകുത്തിയപ്പോള്‍ രണ്ടിടത്ത് ബി.ജെ.പിയാണ് മുന്നില്‍. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരുടെ മണ്ഡലത്തില്‍ എല്‍.ഡി.എഫ് തന്നെ ലീഡ് നിലനിര്‍ത്തിയെങ്കിലും 9 മന്ത്രിമണ്ഡലങ്ങള്‍ യു.ഡി.എഫിനും വി.ശിവന്‍കുട്ടിയുടെ നേമത്ത് ബി.ജെ.പിക്കുമാണ് ലീഡ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്‍റെ മുന്‍നിര നേതാക്കളുടെ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മികച്ച ലീഡ് നിലനിര്‍ത്തിയപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും എല്‍.ഡി.എഫ് കണ്‍വീനറുടെയും മണ്ഡലം യു.ഡി.എഫിനൊപ്പം ചേര്‍ന്നു.
തദേശ തിരഞ്ഞെടുപ്പിലേത് പോലെ ജനം വോട്ട് ചെയ്താല്‍ അടുത്ത തവണ കേരളം യു.ഡി.എഫ് ഭരിക്കും. ഓരോ അസംബ്ലി മണ്ഡലങ്ങളിലുമുള്ള തദേശ സ്ഥാപനങ്ങളില്‍ മുന്നണികള്‍ക്ക് ലഭിച്ച് വോട്ട് കണക്കാക്കുമ്പോളാണ് ഭരണമാറ്റം വ്യക്തമാകുന്നത്. പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട് ജില്ലകള്‍ കോണ്‍ഗ്രസ് തൂത്തുവാരും. ഇവിടങ്ങളിലെ എല്ലാ സീറ്റിലും യു.ഡി.എഫിനാണ് ലീഡ്. കോട്ടയത്ത് 9ല്‍ ആറിലും ഇടുക്കിയില്‍ അഞ്ചില്‍ നാലിലും യു.ഡി.എഫ് മുന്നിലെത്തി. ജോസ് കെ.മാണി ചേര്‍ന്നിട്ടും എല്‍.ഡി.എഫിന് മെച്ചമില്ലെന്ന് ചുരുക്കം. ഒരു എം.എല്‍.എ പോലുമില്ലാത്ത കോഴിക്കോട് യു.ഡി.എഫ് 10 സീറ്റിലാണ് മുന്നില്‍. കാസര്‍കോട് യു.ഡി.എഫ് 3ഉം എല്‍.ഡി.എഫ് 2ഉം മേല്‍ക്കൈ നേടി. എല്‍.ഡി.എഫിന് നേട്ടമുള്ളത് ആറ് ജില്ലകളിലാണ്. Also Read: ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും വോട്ടുശതമാനം കുറഞ്ഞു; രാജീവ് ചന്ദ്രശേഖറിന് അതൃപ്തി
തിരുവനന്തപുരത്ത് 10ഉം, കൊല്ലത്തും ആലപ്പുഴയിലും ഏഴും തൃശൂരില്‍ 11ഉം പാലക്കാട് എട്ടും കണ്ണൂരില്‍ 6വും സീറ്റുകളിലാണ് ഇടത് മുന്നേറ്റം. തിരുവനന്തപുരത്ത് നേമത്തും വട്ടിയൂര്‍ക്കാവിലും മുന്നിലെത്തിയതോടെ വീണ്ടും നിയമസഭയില്‍ താമരവിരിയിക്കാമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. എന്നാല്‍ സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂരില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമില്ല. ചുരുക്കത്തില്‍ ഭരണം നേടാന്‍ വേണ്ട 71 എന്ന മാജിക് നമ്പര്‍ പിന്നിട്ട് യു.ഡി.എഫ് 80ലെത്തുമ്പോള്‍ നിലവിലെ 99 സീറ്റില്‍ നിന്ന് എല്‍.ഡി.എഫ് 58ലേക്ക് കൂപ്പുകുത്തി. ബി.ജെ.പി പൂജ്യത്തില്‍ നിന്ന് രണ്ടിലേക്കും ഉയര്‍ന്നു. തദേശഫലം 10 മന്ത്രിമണ്ഡലങ്ങളേയും എല്‍.ഡി.എഫില്‍ നിന്നകറ്റി. ബി.ജെ.പി മുന്നിലെത്തിയ വി.ശിവന്‍കുട്ടിയുടെ നേമത്താണ് ഏറ്റവും വലിയ നാണക്കേട്.
ഇതുകൂടാതെ പി.രാജീവ്, എം.ബി.രാജേഷ്, വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, കെ.ബി.ഗണേഷ്കുമാര്‍, റോഷി അഗസ്റ്റിന്‍, വി.അബ്ദുറഹിമാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.ആര്‍.കേളു എന്നിവരുടെ തട്ടകങ്ങളിലും യു.ഡി.എഫ് കുതിച്ചു. യു.ഡി.എഫ് തരംഗത്തിലും മുഖ്യമന്ത്രി, മുഹമ്മദ് റിയാസ്, കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, ആര്‍.ബിന്ദു, കെ.രാജന്‍, ജി.ആര്‍.അനില്‍, എ.കെ.ശശീന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, പി.പ്രസാദ്, ജെ.ചിഞ്ചുറാണി എന്നിവര്‍ മണ്ഡലം കാത്തു.
2020ലെ തദേശ തിരഞ്ഞെടുപ്പിലെ ഫലം അനുസരിച്ച് എല്‍.ഡി.എഫ് 101ഉം യു.ഡി.എഫ് 39 ഇടങ്ങളിലായിരുന്നു മുന്നില്‍. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 99ഉം യു.ഡി.എഫ് 41വും സീറ്റ് നേടിയെന്നതിലാണ് ഈ കണക്കിന്‍റെ പ്രസക്തി.