തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. 2026-27 സാമ്പത്തിക വര്‍ഷത്തിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ട് 3236.76 കോടി രൂപയും മെയിന്‍റനന്‍സ് ഫണ്ട് 4315.69 കോടി രൂപയമായി ഉയര്‍ത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 786 കോടി രൂപ അധികമാണിത്. ഫണ്ടുകൾ ഗണ്യമായി വർധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഭരണസമതിയെ സ്വാഗതം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 

കേരള ഖരമാലിന്യ സംസ്കരണ പരിപാടി പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രാന്‍റായി 150 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. പ്രാദേശിക ഗവണ്‍മെന്‍റുകളെ ശാക്തീകരിക്കാൻ ലോക്കൽ ഗവണ്‍മെന്‍റ് ബോർഡ് ഓഫ് ഫണ്ട്സ് രൂപീകരിക്കും. നിരക്കുകൾ വർധിപ്പിക്കാതെ സ്ഥിതി വിവരക്കണക്കുകൾ ശാസ്ത്രീയമാക്കിയും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും നികുതി നികുതിയേതര വരുമാനം വർധിപ്പിക്കും. സ്വന്തം വരുമാനം വർധിപ്പിക്കുന്ന തദ്ദേശ സർക്കാരുകള്‍ക്ക് പ്രോത്സാഹനമായി കൂടുതൽ സംസ്ഥാന വിഹിതം നൽകും. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ മുനിസിപ്പാലിറ്റികളെയും കോർപ്പറേഷനെയും അനുവദിക്കും. ഇതിന് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഇതേ ലക്ഷ്യം മുൻനിർത്തി വായ്പ എടുക്കാൻ നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കും. 

വരുമാനം കൂടി, പൊതുകടം കുറഞ്ഞു

കേരളത്തിന്‍റെ തനത് നികുതി, നികുതിയേതര വരുമാനം കൂടിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 1.27 ലക്ഷം കോടി രൂപ നികുതി വരുമാന വര്‍ധനവുണ്ടായി. കടം പരിധിക്ക് ഉള്ളില്‍ തന്നെയെന്ന് പറഞ്ഞ ധനമന്ത്രി കേരളം കടം കയറി മുടിഞ്ഞെന്ന് ആരും പറയില്ലെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പരിഹരിക്കും.

ENGLISH SUMMARY:

Finance Minister K.N. Balagopal has announced a significant increase in funds for local self-government institutions (LSGIs) in the Kerala State Budget 2026-27. The General Purpose Fund has been raised to ₹3236.76 crore, while the Maintenance Fund stands at ₹4315.69 crore, marking a total increase of ₹786 crore from the previous year. To empower local governance, the minister introduced the 'Local Government Board of Funds' and permitted municipalities and corporations to issue municipal bonds for major projects.