തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊലവിളി ഭീഷണിയുമായി നേതാക്കള്‍. മലപ്പുറം വളാഞ്ചേരിയിൽ കൈവെട്ടുമെന്ന് യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ ഭീഷണി. അരിവാള്‍ കൊണ്ട് വെറെയും പണി അറിയാമെന്നായിരുന്നു കോഴിക്കോട് ഫറോക്കിലെ സിപിഎം നേതാവിന്റെ വിരട്ടല്‍. പത്തനംതിട്ടയില്‍ വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ, തോറ്റ സിപിഎം സ്ഥാനാർത്ഥിയുടെ മകന്റെ ഭീഷണി.
ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് മുൻ നഗരസഭ കൗൺസിലർ കൂടിയായ ശിഹാബുദ്ദീന്റെ ഭീഷണി. വിജയാഹ്ലാദ പ്രകടനത്തിന് തൊട്ടു മുൻപായിരുന്നു പ്രസംഗം. അരിവാള്‍ കൊണ്ട് വേറെയും പണികള്‍ അറിയാമെന്നും ലീഗ് നേതാക്കള്‍ വീട്ടില്‍ അന്തിയുറങ്ങില്ലെന്നുമായിരുന്നു ഫറോക്ക് ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷിന്റെ ഭീഷണി.
എസ്എൻഡിപി യൂണിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു തോറ്റ സിപിഎം വനിതാ സ്ഥാനാർത്ഥിയുടെ മകന്റെ ഭീഷണി. പത്തനംതിട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്ന ശോഭ ബാലന്റെ മകൻ അഭിജിത് ബാലനാണ് ഭീഷണി മുഴക്കിയത്. എസ്എൻഡിപിക്കാർ ആരും വോട്ട് ചെയ്തില്ലെന്നും രാഷ്ട്രീയം പറഞ്ഞത് ചോദ്യം ചെയ്ത ആളിന്റെ മുട്ടുകാല് തല്ലിയൊടിക്കും എന്നും DYFI മേഖലാ സെക്രട്ടറി കൂടിയായ അഭിജിത്ത് പറഞ്ഞു. യുഡിഎഫ് ജയിച്ച വാർഡിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു സിപിഎം. മുൻപ് കാപ്പാ കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് അഭിജിത്.