മേയറാകാനുള്ള മോഹം മനസില്‍ മതി. ഇതിനായി കരുനീക്കങ്ങള്‍ നടത്തിയാല്‍ പണിപാളും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ പദവി ലക്ഷ്യമിട്ടുള്ള കൗണ്‍സിലര്‍മാരുടെ കരുനീക്കങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും വിലങ്ങിട്ട് കോണ്‍ഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ യോഗം ഉച്ചകഴിഞ്ഞ് നാലിന് ചേരും. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടക്കും.
കോര്‍പറേഷനിലേയ്ക്ക് നേടിയ ചരിത്ര വിജയത്തിന്‍റെ ശോഭകെടുത്തുന്ന വിവാദങ്ങള്‍ വേണ്ട എന്ന കര്‍ശന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്. ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകള്‍ മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണനയിലുണ്ട്. എഐസിസിയുടെയും കെപിസിസിയുടെയും നിര്‍ദേശത്തിനനുസരിച്ച് തര്‍ക്കങ്ങളില്ലാതെ മേയറെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. മുന്‍പത്തേതുപോലെ പരസ്യപ്രസ്താവനകളോ, അവകാശവാദങ്ങളോ പാടില്ലെന്ന് കൗണ്‍സിലര്‍മാര്‍ക്ക് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും എറണാകുളത്ത് കോണ്‍ഗ്രസ് ആരംഭിച്ചു. മിഷന്‍ 2026. വോട്ടര്‍പട്ടിക കൃത്യമാകുന്നതില്‍ തുടങ്ങി സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വരെ മുന്‍പെങ്ങുമില്ലാത്ത പ്രഫണലിസമാണ് ലക്ഷ്യമിടുന്നത്.