തന്‍റെ ഭൂരിപക്ഷം കുറയാന്‍ കാരണം പാര്‍ട്ടിയിലെ അധികാരമോഹികള്‍ എന്ന് തുറന്നടിച്ച് സിപിഎം മുന്‍ എംഎല്‍എ കെ.സി.രാജഗോപാല്‍. തനിക്കെതിരെ സി.പി.എമ്മുകാര്‍തന്നെ പാലംവലിക്കാന്‍ നോക്കിയെന്നും ഏരിയ സെക്രട്ടറി തോല്‍പിക്കാന്‍ നോക്കിയെന്നും രാജഗോപാല്‍ ആരോപിച്ചു. ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിന്‍ വിവരം കെട്ടവനെന്നും വിമര്‍ശനം. ടി.വി.സ്റ്റാലിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെ.സി. രാജഗോപാലിന്‍റെ പ്രതികരണത്തില്‍ മറുപടിയുമായി ഏരിയ സെക്രട്ടറി ടി.വി സ്റ്റാലിന്‍ രംഗത്തെത്തി. കെ സി രാജഗോപാലിന്റെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹത്തിനുള്ള മറുപടി പരസ്യമായി പറയാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. പരാതി പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും ആരോപണങ്ങളില്‍ പാര്‍ട്ടിയില്‍ വീശദീകരണം നല്‍കുമെന്നും ടി.വി സ്റ്റാലിന്‍ പറഞ്ഞു.
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.സി.രാജഗോപാല്‍ പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മരാമണില്‍ നിന്നാണ് മത്സരിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ 28 വോട്ടിന്‍റെ ചെറിയ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ ജയിച്ചത്. കെ.സി രാജഗോപാലന് 324 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കോൺഗ്രസിന്റെ രാധാ ചന്ദ്രന് 296 വോട്ടുമാണ് ലഭിച്ചത്. രാജഗോപാൽ നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്.