തിരഞ്ഞെടുപ്പ് അവലോകനത്തിന് മുന്‍പേ ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്നതിനെ  ചൊല്ലി എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നത. ശബരിമല സ്വര്‍ണക്കൊള്ള വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു . ബിനോയിയെ തള്ളിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തല്‍ക്കാലം അത്തരത്തിലൊരു വിലയിരുത്തല്‍ എല്‍ഡിഎഫ് നടത്തിയിട്ടില്ലെന്ന് പ്രതികരിച്ചു. നാളെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ നടത്തുക.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് ശബരിമല സ്വര്‍ണക്കൊള്ള കാരണമായിട്ടുണ്ടെന്നാണ് ഇടതുപാര്‍ട്ടികള്‍ക്കുള്ളിലെ വികാരം. എന്നാല്‍ അത് പരസ്യമായി സമ്മതിക്കാതെ ശബരിമലയുടെ സ്വാധീനമുള്ള പന്തളം നഗരസഭയിലുള്‍പ്പടെ നേട്ടമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ അവകാശ വാദം.  ഇംഗ്ലീഷ് ദിപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശബരിമല തിരിച്ചടിയായി എന്ന സമ്മതിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ഇക്കാര്യം പരസ്യമായും പറഞ്ഞു.

നാളെ എല്‍ഡിഎഫ് കൂടാനിരിക്കെ ബിനോയ് വിശ്വം ഇന്ന് നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നത പ്രകടമാക്കുകയാണ് ശബരിമല തിരിച്ചടിയായോ എന്ന ചോദ്യത്തിന് അത്തരമൊരു വിലയിരുത്തല്‍ എല്‍ഡിഎഫ് നടത്തിയിട്ടില്ലെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാവായ എ.പത്മകുമാര്‍ ഉള്‍പ്പടെ ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടിയുടെ ക്യാപ്സൂളുകള്‍  ഒന്നും തലക്കാലം ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ക്കിടിയില്‍ അഭിപ്രായമുണ്ട്. പത്മകുമാര്‍ അറസ്റ്റിലായപ്പോള്‍ തന്നെ സംഘടനാ നടപടിയെടുത്തിരുന്നെങ്കില്‍ സര്‍ക്കാരിനും സിപിഎമ്മിനും നേരയുള്ള ആക്രമണം കുറയ്ക്കാമായിരുന്ന എന്നും സിപിഎമ്മില്‍ വികാരമുണ്ട്.  അസ്ഥാനത്ത് നടത്തിയ ആഗോള അയ്യപ്പസംഗമം സ്വര്‍ണക്കൊള്ളയുടെ  തീവ്രത കൂട്ടിയെന്നും സിപിഎം നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

ENGLISH SUMMARY:

Differences have emerged within the LDF over whether the Sabarimala gold smuggling case contributed to its electoral setback. CPI state secretary Binoy Viswam has openly admitted that the issue caused serious damage in the local body elections. However, LDF convener T. P. Ramakrishnan has rejected such an assessment, saying no formal evaluation has been made yet. With the LDF set to hold its election review meeting, internal disagreements within the Left front have come into focus. The controversy has also revived debate over organisational lapses and the political impact of events linked to Sabarimala.