പത്തനംതിട്ട ഏറത്ത് തോല്‍വിക്ക് പിന്നാലെ ഭീഷണിയുമായി തോറ്റ സ്ഥാനാര്‍ഥിയുടെ മകന്‍. ഏറത്തു 16-ാം വാര്‍ഡിലെ സിപിഎം സ്ഥാനാർഥിയായിരുന്നു ശോഭാ ബാലന്‍റെ മകനാണ് എസ്എൻഡിപി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം ഇട്ടത്. എസ്എൻഡിപി അംഗങ്ങള്‍ വോട്ട് ചെയ്യാത്തിനാലാണ് തോറ്റതെന്ന് പറഞ്ഞ സ്ഥാനാർത്ഥിയുടെ മകൻ ചോദ്യം ചെയ്തയാളുടെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി.
16–ാം വാർഡിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ശോഭാ ബാലൻ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യുഡിഎഫിനാണ് വാര്‍ഡില്‍ വിജയം. ഇതിന്‍റെ ദേഷ്യത്തിലാണ് സ്ഥാനാർഥിയുടെ മകൻ അഭിജിത്ത് ബാലൻ എസ്എൻഡിപി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ ഇട്ടത്. ഇയാള്‍ മുൻപ് കാപ്പ കേസിൽ പ്രതിയാക്കപ്പെട്ട് നാടുകടത്തപ്പെട്ട ആളാണ്. ‘സംസാരിക്കല്ലേ സംസാരിക്കല്ലേ... മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും, നീ ഇനി ഏത് അറ്റംവരെ പോയാലും’ എന്നായിരുന്നു അഭിജിത്ത് ബാലന്‍റെ ഭീഷണി.
എസ്എൻഡിപി യൂണിയനില്‍ ഉള്ളവർ ചതിച്ചു, അവർ വോട്ട് ചെയ്തില്ല. എസ്എൻഡിപി യൂണിയൻകാർ മാത്രം വോട്ട് ചെയ്തിരുന്നെങ്കിൽ പോലും വാർഡിൽ ഒന്നാമത് എത്താമായിരുന്നു. അതുകൊണ്ട് എസ്എൻഡിപിയുമായി ഇനി ഒരു തരത്തിലുള്ള ബന്ധവുമില്ല, വീട്ടിൽ ആരെങ്കിലും മരിച്ചാൽ പോലും കൊടി കെട്ടാൻ വരേണ്ട എന്നായിരുന്നു അഭിജിത്ത് ബാലൻ ആദ്യം ഇട്ട വാട്സ്ആപ്പ് സന്ദേശം. എന്തിനാണ് എസ്എൻഡിപി യൂണിയന്‍റെ ഗ്രൂപ്പിൽ ഇത്തരത്തിൽ രാഷ്ട്രീയം എന്നൊരാൾ മറുത്തു പറഞ്ഞപ്പോഴാണ് ഭീഷണി സന്ദേശം വന്നത്.