Untitled design - 1

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് മുന്‍മന്ത്രി തോമസ് ഐസക്. 2021 ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കാരണം, അത് അത്രയ്ക്ക് ഉയർന്നതായിരുന്നു. പക്ഷേ, ഏതാണ്ട് 2010-ലെ സ്ഥിതിയിലേക്ക് വീഴുമെന്ന് പ്രതീക്ഷിച്ചില്ല. 

കേരള സർക്കാരിന്റെ വികസന മികവും നേട്ടങ്ങളും തെളിഞ്ഞുനിന്ന് കാലമാണിത് എന്നതാണ് യാഥാർത്ഥ്യം. ക്ഷേമ പ്രവർത്തന കാര്യങ്ങളിൽ സാധാരണക്കാരുടെ പ്രതീക്ഷകൾക്കപ്പുറമാണ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രഖ്യാപനങ്ങളും അവ നടപ്പായതും. 

കിഫ്ബി വഴിയും അല്ലാതെയും യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന വമ്പൻ പദ്ധതികളുടെ പൂർത്തീകരണ പരമ്പരയായിരുന്നു കഴിഞ്ഞ മാസങ്ങളിൽ നടന്നത്. പക്ഷേ, ഭരണവിരുദ്ധ വികാരത്തെക്കുറിച്ചാണ് മാധ്യമങ്ങൾ പറയുന്നത്. ഇത് എങ്ങനെ സംഭവിച്ചു? മറിച്ചുള്ള ആഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം സൃഷ്ടിച്ചെടുത്തത് എങ്ങനെ? അതിന് നമ്മുടെ എന്തെങ്കിലും പോരായ്മകൾ നിമിത്തങ്ങളായിട്ടുണ്ടോ?

സിപിഐ(എം)ന്റെ ഇന്നത്തെ രാഷ്ട്രീയകാഴ്ചപ്പാടിൽ ഒരു സുപ്രധാന കേന്ദ്രഘടകം ന്യൂനപക്ഷ സംരക്ഷണമാണ്. കാരണം ന്യൂനപക്ഷവിരുദ്ധ വർഗീയരാഷ്ട്രീയം അടിസ്ഥാനമാക്കിയാണ് ബിജെപി അധികാരം പിടിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. എന്നാൽ യുഡിഎഫിനാകട്ടെ കേരളത്തിൽപ്പോലും മതതീവ്രവാദങ്ങളോട് സമരസപ്പെടുന്നതിനും കോ-ലീ-ബി സഖ്യങ്ങൾ രൂപീകരിക്കുന്നതിനും മടിയില്ല. 

പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. പലസ്തീൻ ഐക്യദാർഡ്യ കാമ്പയിൻ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. “ഇടത് ഹിന്ദുത്വ”യെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയുന്നത്? അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകൾ നിമിത്തങ്ങളായിട്ടുണ്ടോ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായും സംഘടനാപരമായ ദൗർബല്യങ്ങൾ വിലയിരുത്തി തെറ്റുകൾ തിരുത്തുന്നതിന് വലിയ കാമ്പയിൻ തന്നെ സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ ഈ ദൗർബല്യങ്ങൾ പലതും തുടരുന്നൂവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അവ അടിയന്തരമായി തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എന്ത് നടപടി സ്വീകരിക്കണം?

2010-ലെ തെരഞ്ഞെടുപ്പിൽ ഇതിനേക്കാൾ മോശം പ്രകടനം കാഴ്ചവച്ചിട്ടും വിജയത്തിനോടടുത്ത പരാജയമേ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായുള്ളൂ. ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല. കാരണം, ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഒരു സംസ്ഥാന ഭരണമെങ്കിലും തുടരേണ്ടത് നാടിന്റെ ആവശ്യമാണ്. ഈ വിജയം ഉറപ്പാക്കണമെങ്കിൽ പരാജയത്തെ നിശിതമായി വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് പാർടി വ്യക്തമാക്കിക്കഴിഞ്ഞു. അത് നാളത്തെ സെക്രട്ടറിയേറ്റോടെ ആരംഭിക്കുകയാണ്. 

തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിക്കുള്ളത്. അത്തരമൊരു ഉയർത്തെഴുന്നേൽപ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം സാക്ഷ്യംവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Kerala Local Body Election Analysis: The recent local body election results in Kerala have prompted significant analysis and introspection. The focus is on understanding the factors contributing to the setback and formulating strategies for future success, especially for the upcoming assembly elections.