ചാണ്ടിയുടെ കന്നി വിജയമാണിതെന്നും, പുതുപ്പള്ളി പഴയ പ്രതാപത്തിലേക്ക് വരുകയാണെന്നും ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് മികവാർന്ന വിജയം നേടിയിരിക്കുകയാണെന്ന് ഡോ. മറിയ ഉമ്മൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉമ്മൻചാണ്ടിയുടെ പകുതി മുഖവും, ചാണ്ടി ഉമ്മന്റെ പകുതി മുഖവും കൂട്ടിച്ചേർത്ത ഫോട്ടോ ഉൾപ്പടെയാണ് മറിയ പോസ്റ്റിട്ടിരിക്കുന്നത്.
'ചാണ്ടി നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. എല്ലാ കടമ്പകളും മറികടക്കാൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒരുമിച്ച് നിന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം. പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമ്മകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് മിന്നുന്ന ഈ നേട്ടം'. - മറിയ വ്യക്തമാക്കുന്നു.
പുതുപ്പള്ളിയെ നെഞ്ചിലേറ്റിയ, പുതുപ്പള്ളിക്കാർ നെഞ്ചിലേറ്റിയ അപ്പയുടെ ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളിക്കാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് മറിയ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.