തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നറ്റം. കണ്ണൂരിലെ പിണറായി പഞ്ചായത്തിൽ എല്ലാ വാര്‍ഡിലും (21 വാര്‍ഡിലും) എല്‍ഡിഎഫ് ജയിച്ചു. മുഖ്യമന്ത്രി വോട്ട് ചെയ്ത രണ്ടാം വാര്‍ഡായ എടക്കടവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രാഘവനാണ് ജയിച്ചത്.
പിണറായി അടക്കം കണ്ണൂർ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എൽഡിഎഫിന് എതിരില്ല എന്നതും ശ്രദ്ധേയമാണ്. ആന്തൂർ നഗരസഭയിലും പിണറായിയെ കൂടാതെ പന്ന്യന്നൂർ, കാങ്കോൽ - ആലപ്പടമ്പ്, കല്യാശ്ശേരി, കണ്ണപുരം, കതിരൂർ, കരിവെള്ളൂർ - പെരളം എന്നിവിടങ്ങളിലുമാണ് എല്‍ഡിഎഫിന് എതിരില്ലാത്ത വിജയം ലഭിച്ചത്. കഴിഞ്ഞതവണ 11 പഞ്ചായത്തുകളിൽ എൽഡിഎഫിന് എതിരില്ലായിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ യുഡിഎഫ് തരംഗമാണ്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് അധികാരത്തിലേക്ക് മുന്നേറുകയാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. ഉറച്ചകോട്ടകളില്‍ പോലും എല്‍ഡിഎഫിന് കാലിടറി. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തുമ്പോള്‍ ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം പോരാടുന്നത്.
അതേസമയം, തലസ്ഥാനത്ത് ചരിത്ര നേട്ടവുമായാണ് എന്‍ഡിഎ ഭരണത്തിലേക്ക് എത്തുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്.
സൂക്ഷ്മമായി ജനവിധി പരിശോധിക്കുമെന്നും തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. അടുത്തമഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനമാണിതനെന്നും വര്‍ഗീയ പ്രീണനം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.