പാലായില്‍ നിന്ന് മാണി.സി.കാപ്പനെ ഒഴിവാക്കി ഒരു നീക്ക് പോക്കും ഉണ്ടാകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണ്. യുഡിഎഫ് ഒരു വിസ്മയവും അവകാശപ്പെട്ടിട്ടില്ല. വരാൻ താല്പര്യമുള്ളവർ വന്നാൽ സ്വീകരിക്കുമെന്നും അടൂർ പ്രകാശ്.
Also Read: ‘ഇനി പിന്നാലെ പോകുന്നില്ല; താല്‍പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതി’
അതേസമയം, കേരള കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പറയുമ്പോഴും നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിർണായകമാണ്. പാർട്ടിയിൽ പല അഭിപ്രായങ്ങൾ ഉണ്ടെന്ന് ജോസ് കെ മാണി ഇന്നലെ സമ്മതിച്ചിരുന്നു. പാർട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കി എൽഡിഎഫിനൊപ്പം നിൽക്കണമെന്ന് പ്രധാന നേതാക്കൾ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
അഞ്ച് എംഎൽഎമാരും ഒറ്റക്കെട്ടാണെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. അതേസമയം കേരള കോൺഗ്രസ് എമ്മിന്റെ പിന്നാലെ കോൺഗ്രസ് പോവുകയാണെന്ന തരത്തിൽ നേതാക്കൾ വാർത്തകൾ സൃഷ്ടിക്കരുതെന്നാണ് കോൺഗ്രസ് നിലപാട്. ഇല്ലാത്ത കാര്യത്തിലെ അനാവശ്യ ചർച്ചകളിൽ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനും അതൃപ്തിയുണ്ട്. ജോസ് കെ മാണി നിലപാട് പറയുമ്പോൾ ചർച്ച ചെയ്യാമെന്ന് ഇന്നലെ കെ സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു.
കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു. മുസ്‌ലിം ലീഗ് ചർച്ച നടത്തിയതായി അറിയില്ല. ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല. താൻ മൽസരിക്കുന്നതിൽ തീരുമാനം പാർട്ടിയുടേതാണെന്നും സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു
വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന കോണ്‍ഗ്രസ് അവകാശവാദം ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തതുപോലെയെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. കോണ്‍ഗ്രസിന് രാഷ്ട്രീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു.കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു
പ്രതിപക്ഷ നേതാവിന്‍റെ വിസ്മയം പരാമര്‍ശം വ്യക്തമാക്കുന്നത് യു.ഡി.എഫിന്‍റെ ദയനീയ സ്ഥിതിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. കുറേ പാര്‍ട്ടികള്‍ കൂടിവന്നാലേ യു.ഡി.എഫിന് പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിലേക്ക് പോകാനാകൂ. യു.ഡി.എഫിന് ജയിക്കാന്‍ തനതായി കരുത്തില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ വിസ്മയം നിയസഭ തിരഞ്ഞെടുപ്പില്‍ ആസന്നമായ യു.ഡി.എഫിന്‍റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.