വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീകോടതി തള്ളി. ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി വിലയിരുത്തി. 

അതിവേഗത്തിലാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചതെന്നും കോടതി നിരീക്ഷിച്ചു.  മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മതിയായ സമയം നല്‍കിയില്ലെന്നും സുപ്രീം കോടതി വിമര്‍ശനം. 500 കോടിയോളം മുതൽമുടക്കി നിർമിച്ച സിനിമയുടെ റിലീസ് വൈകിയാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി.

Also Read: വിജയ്ക്ക് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി; 'ജന നായകന്' കൈ കൊടുക്കുമോ കോണ്‍ഗ്രസ്?


സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. 

സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരെ കമൽഹാസൻ എംപി രംഗത്തെത്തിയിരുന്നു. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂല മാറ്റം വേണമെന്നും സർട്ടിഫിക്കേഷനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട കമൽ, മാറ്റങ്ങൾക്കായി ഒരുമിച്ചു ശബ്ദമുയർത്തേണ്ട സമയമാണെന്നും പറഞ്ഞു. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്നും സായുധ സേനയെ മോശമായി ചിത്രീകരിച്ചെന്നും വാദിച്ച കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ, സെൻസർ ബോർഡ് ചെയർമാന്റെ അധികാരത്തിൽ ആർക്കും ഇടപെടാനാകില്ലെന്നു നേരത്തെ ചൂണ്ടിക്കാട്ടിരുന്നു. 

ENGLISH SUMMARY:

Janannayakan Movie faces legal challenges. The Supreme Court rejected the plea to lift the stay on the film's censor certificate, leaving the decision to the High Court.