നാലരപതിറ്റാണ്ടായി കയ്യിലുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനും ഒരിക്കലും കൈവിടില്ലെന്ന കരുതിയ കൊല്ലം കോര്‍പറേഷനും ഉള്‍പ്പടെ നഷ്ടമാക്കിയ എല്‍ഡിഎഫിനു തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നല്‍കിയത്.  13  നഗരസഭകളിലും 213 പഞ്ചായത്തുകളിലും ഭരണം നഷ്ടമായത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. വരും ദിവസങ്ങളില്‍ മിക്ക ജില്ലകളിലും പാര്‍ട്ടിക്കുള്ളില്‍ കലാപം ഉറപ്പാണ്  

Also Read: തൃശൂർ കോർപ്പറേഷൻ തൂത്തുവാരി കോൺഗ്രസ്; 33 സീറ്റുകളുമായി വമ്പൻ തിരിച്ചുവരവ്

കണ്ണൂര്‍ കോര്‍പറേഷന്‍ കൂടി പിടിച്ചെടുത്ത് മൂന്ന് ഭരണത്തിന് കാഹളം മുഴുക്കാന്‍ ലക്ഷ്യമിട്ട എല്‍ഡിഎഫിന്‍റെ തലക്കേറ്റ അടിയായി നാലു കോര്‍പറേഷനുകള്‍ കയ്യില്‍ നിന്ന് പോയത്. ശക്തികേന്ദ്രങ്ങളില്‍ പോലും സീറ്റുകള്‍ ഒലിച്ചുപോവുകയായിരുന്നു. ഭൂരിപക്ഷം കുറഞ്ഞാലും വലിയ ഒറ്റകക്ഷിയാകാമെന്ന് വിശ്വസിച്ച് തിരുവനന്തപുരത്ത് എല്‍ഡിഎഫ് വിരുദ്ധ വികാരത്തില്‍ പാര്‍ട്ടി 22 സീറ്റുകളാണ് കൈയില്‍ നിന്ന് പോയത്. കൊല്ലം ജില്ലയുള്ളടത്തോളം കാലം എല്‍ഡിഎഫ് ഭരിക്കുമെന്ന് എല്‍ഡിഎഫ് വീരവാദം ഇനി നിലനില്‍ക്കില്ല. ‌വീണ്ടും മേയറാകാമെന്നു കരുതി മല്‍സരിക്കാനിറങ്ങിയ സിപിഐയുടെ മുന്‍ മേയര്‍ ഹണി ബെഞ്ചമിനെ ഉള്‍പ്പടെ ജനം തോല്‍പ്പിച്ചു വിട്ടു. കൊച്ചി കോര്‍പറേഷനില്‍ 20 സീറ്റുകളിലേക്ക് ഒതുങ്ങിയതും തൃശൂര്‍ കോര്‍പറേഷനില്‍ 11 സീറ്റ് മാത്രമായതും അടുത്ത് കാലത്തൊന്നും തിരിച്ചുവരാനാകാത്ത വിധം പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നതിന് തെളിവായി.  

കോഴിക്കോട് കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും 50 സീറ്റില്‍ നിന്നും 34 ലേക്ക് വീണതിന്‍റെ ഞെട്ടലിലാണ് സിപിഎം. 11 ജില്ലാ പഞ്ചായത്തില്‍ നിന്നും 13 ജില്ലാ പഞ്ചായത്ത് എന്ന സ്വപ്നം കണ്ട എല്‍ഡിഎഫിന്‍റെ അടിവേര് ഇളക്കുന്നതാണ് പരാജയം. പലവട്ടം ലീഡ് മാറിമറിഞ്ഞ തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കേവലഭൂരിപക്ഷമായ 15 ലേക്ക് കഷ്ടപ്പെട്ടാണ് എല്‍ഡിഎഫ് എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാക്കാന്‍ ലക്ഷ്യമിട്ടിരുന്ന എസ് കെ പ്രീജ ബാലരാമുരത്ത് ദയനീയമായി തോറ്റു. കോട്ടയം, പത്തനംതിട്ട,  ഇടുക്കി,  കോഴിക്കോട് ജില്ലാ പഞ്ചായത്തുകള്‍ കൈയില്‍ നിന്ന് പോയത് തോല്‍വിയുടെ ആക്കം കൂട്ടുന്നു. 2015നേക്കാള്‍ വലിയ തിരിച്ചടിയാണ് ഗ്രാമപഞ്ചായത്ത് തലത്തിലും എല്‍ഡിഎഫിന് കിട്ടിയത്.  350 ല്‍ താഴെ പഞ്ചായത്തുകളില്‍ മാത്രമാണ് ഇനി ഭരണമെന്നത് തുടര്‍ഭരണം ലക്ഷ്യമിടാനുള്ള കണക്കുകൂട്ടലുകളെ ഇല്ലാതാക്കുന്നു. നഗരസഭകളില്‍ 28ഉം ബ്ലോക്കില്‍ 63 ഉം മാത്രമാണ് ഇനിയുള്ള എല്‍ഡിഎഫിന്‍റെ സ്കോര്‍ബോര്‍ഡ് . 

ENGLISH SUMMARY:

LDF Election Loss: The recent local body election results marked a significant setback for the LDF, with losses in key corporations and panchayats. This defeat has shaken the party's foundation, indicating potential future challenges.