നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ജനവിധിക്ക് ആകാംക്ഷയോടെ കേരളം. പതിവുപോലെ തദ്ദേശതിരഞ്ഞെടുപ്പിലെ മേല്‍കൈ ഇടത് മുന്നണി നിലനിറുത്തുമോ? യു.ഡി.എഫിന് മികച്ച മുന്നേറ്റം നടത്താനാകുമോ? നിലമെച്ചപ്പെടുത്തി എന്‍.ഡി.എ സാന്നിധ്യം ഉറപ്പിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരമറിയാം.
ശബരിമല സ്വര്‍ണക്കൊള്ളയും രാഹുല്‍ മാങ്കൂട്ടത്തിലും തുടങ്ങി പ്രാദേശിക വികസനം വരെ ചര്‍ച്ചയായ പ്രചരണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ സംസ്ഥാനതല നേതാക്കളും ജനപ്രതിനിധികളും പ്രാദേശിക നേതൃത്വവും സജീവമായി പങ്കെടുത്തു. രാഷ്ട്രീയവും വികസനവും എല്ലാം, കണ്ടും കേട്ടും നിന്ന ജനങ്ങളുടെ തീരുമാനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്... എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പോരാട്ടം എന്നാണെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ശക്തമായ സാന്നിധ്യമാണ് എന്‍.ഡി.എ.
തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ വലിയ ഒറ്റകക്ഷിയാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി... പലക്കാട്, പന്തളം നഗരസഭകളില്‍ ഭരണമുള്ള ബി.ജെ.പി, അത് പത്തായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. 14 ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്നത്. അത് മൂന്ന് മടങ്ങെങ്കിലും വര്‍ധിപ്പിക്കാനാണ് ശ്രമം. തൃശൂരും കണ്ണൂരും കോര്‍പ്പറേഷനുകളില്‍ ഭരണം കിട്ടുമെന്നാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ നില മെച്ചപ്പെടുത്താനാകുമെന്നും കണക്കുകൂട്ടലുണ്ട്. വയനാട്, മലപ്പുറം എന്നിവക്ക് പുറമെ കാസര്‍കോട് ജില്ലാ പഞ്ചായത്തും കൂടി യു.ഡി.എഫ് പ്രതീക്ഷ വയ്ക്കുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലാപഞ്ചായത്തുകളും കൈപ്പിടിയിലാക്കാനാവും എന്നും യു.ഡി.എഫ് ക്യാംപ് കണക്കുകൂട്ടുന്നു. ആകെ നഗരസഭകളില്‍ 50 ശതമാനത്തിന് മുകളില്‍ ശക്തി തെളിയിക്കുന്നതിനൊപ്പം ഗ്രാമപഞ്ചായത്തുകളില്‍ നിലമെച്ചപ്പെടുത്താന്നും മുന്നണി കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.
11 ജില്ലാപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കാനും ഭൂരിപക്ഷം ബ്ളോക്ക് പഞ്ചായത്തുകളെ ഒപ്പം നിര്‍ത്താനുമാണ് ഇടത് മുന്നണിയുടെ ആശ. 500ന് മുകളില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കാമെന്നും എല്‍.ഡി.എഫ് കരുതുന്നു. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും കടുത്ത മത്സരമാണെങ്കിലും മേല്‍കൈ ലഭിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. കൊല്ലവും തിരുവനന്തപുരവും നിലനിര്‍ത്തുമെന്ന പ്രതീക്ഷയും ഭരണമുന്നണിക്കുണ്ട്. അടുത്തവര്‍ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒാരോ മുന്നണിയുടെയും ഭാവി, നേതാക്കളുടെ റോള്‍, തന്ത്രങ്ങള്‍ എന്നിവ തീരുമാനിക്കുന്നതില്‍ ഇന്നത്തെ ഫലത്തിന് വലിയ പ്രാധാന്യമുണ്ട്.