തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരിക. ഒരു ബൂത്ത് എണ്ണിത്തീരാന്‍ പരമാവധി വേണ്ടി വരിക 15 മിനിറ്റാണ്. അരമണിക്കൂര്‍ കൊണ്ട് ഒരു വാര്‍ഡിലെ ഫലം അറിയാം. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകളിലാണ് കൂടുതലായി തപാല്‍വോട്ടുകള്‍ ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ വൈകിട്ടോടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ.
ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഒരേ സമയം ഒരു മേശയിലാകും നടക്കുക. ഒരേ ഇലക്ട്രോണിക് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍ യൂണിറ്റിലാണ് മൂന്ന് ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ബൂത്തുകളുടെയും വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും. ഒന്നാം വാര്‍ഡുമുതല്‍ എന്ന ക്രമത്തിലാകും യൂണിറ്റുകള്‍ മേശയിലേക്ക് എത്തിക്കുക.
രണ്ട് ബൂത്തുകളിലെ ഫലം രേഖപ്പെടുത്തിക്കഴിയുന്നതോടെ വാര്‍ഡിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഈ വാര്‍ഡ് ഉള്‍പ്പെടുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് ഇതേസമയം രേഖപ്പെടുത്തി കൃത്യമായ ഇടവേളകളില്‍ അതിന് സമീപത്തെ ഹാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് കൈമാറും. ജില്ലാപഞ്ചായത്ത് വരണാധികാരി കലക്ടര്‍ ആയതിനാല്‍ അവര്‍ക്കും രേഖപ്പെടുത്തിയ ഫലം എത്തിക്കും. ഇതിനൊപ്പം തന്നെ TREND സോഫ്റ്റ്വെയറിലും ഫലം അപ്ലോഡ് ചെയ്യും. ഇതോടെ പൊതുജനങ്ങള്‍ക്കും കൃത്യസമയത്ത് ഫലം അറിയാം.
ഇന്ന് മദ്യ വില്‍പ്പന ഇല്ല : തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിനമായതിനാല്‍ ഇന്ന് സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇല്ല. ബാറുകള്‍, ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകള് എന്നിവ ഇന്നേ ദിവസം പ്രവര്‍ത്തിക്കുകയില്ല.