സംസ്ഥാനമാകെ ത്രിവര്‍ണപ്പതാക പാറിച്ച് യു.ഡി.എഫിന്‍റെ വന്‍ തിരിച്ചുവരവ്. എല്‍.ഡി.എഫിനെ കോഴിക്കോട് മാത്രമൊതുക്കി കൊല്ലം ഉള്‍പ്പടെ നാല് കോര്‍പ്പറേഷനുകള്‍ കൈക്കുമ്പിളില്‍. ചരിത്രത്തിലാദ്യമായി കൊല്ലം പിടിച്ചെടുത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനൊപ്പം പിടിച്ചു. ത്രിതല പഞ്ചായത്തുകളിലും എല്‍.ഡി.എഫിനേക്കാള്‍ ഏറെ മുന്നിലെത്തിയതോടെ 2026 നിയമസഭ തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ യു.ഡി.എഫിന് സമഗ്രാധിപത്യം.
ജീവന്‍ തിരിച്ചുകിട്ടയ ആഹ്ളാദവും ആത്മവിശ്വാസവുമാണ് യു.ഡി.എഫിന്. പിണറായി 3.0 ലോഡിങ് എന്ന അവകാശവാദത്തിന്‍റെ മുന തല്ലിത്തകര്‍ത്തതിന്‍റെ ആവേശവും. എന്നും ഇടത്തേക്ക് ചായുന്ന തദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ പിറന്നത് ചരിത്രമാണ്. 10 ാം വര്‍ഷത്തിലേക്ക് കടന്ന പിണറായി വിജയന്‍ സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒന്നുമില്ലാതെ, കേരളമൊന്നാകെ യു.ഡി.എഫിന് കൈകൊടുത്ത വിജയം.
മുന്നില്‍ നിന്ന് നയിച്ച പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം ജില്ലയില്‍ നിന്ന് വിജയക്കുതിപ്പ് തുടങ്ങി. കോര്‍പ്പറേഷനില്‍ മിന്നും തിരിച്ചുവരവ്. ഇടത്തേക്ക് മാത്രം ചാഞ്ഞ് ശീലമുള്ള കൊല്ലം കോര്‍പ്പറേഷനില്‍ ഞെട്ടിക്കല്‍ വിജയം. സുരേഷ് ഗോപിയുടെ തൃശൂരില്‍ ബി.ജെ.പിയേയും സി.പി.എമ്മിനെയും നിലംപരിശാക്കി. കണ്ണൂര്‍ നിലനിര്‍ത്തി. കോഴിക്കോട് ഭരിക്കാനായില്ലങ്കിലും നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം. തിരുവനന്തപുരം ബി.ജെ.പി എടുത്തെങ്കിലും സീറ്റ് ഇരട്ടിയാക്കി അഭിമാനം കാത്തു.
രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്ത് 7–7 എന്ന സമനിലയിലെങ്കിലും വിജയം യു.ഡി.എഫിന് തന്നെ. മലപ്പുറം, വയനാട്, എറണാകുളം നിലനിര്‍ത്തിയതിനൊപ്പം പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോടും ഇടതില്‍ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട്ടെ വിജയം ചരിത്രത്തിലാദ്യമെന്നത് ആവേശം കൂട്ടി.
നഗരസഭകളുടെയും പഞ്ചായത്തുകളുടെയും ഭരണത്തിലും മേല്‍ക്കൈ യു.ഡി.എഫിന് തന്നെ. നിയമസഭ മണ്ഡലങ്ങളുടെ ഏകദേശ രൂപമെന്ന് കരുതുന്ന ബ്ളോക് പഞ്ചായത്തുകളില്‍ 79 എണ്ണം നേടിയതോടെ അഞ്ച് മാസം അടുത്തെത്തിയ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലക യു.ഡി.എഫ് കുറിച്ച് കഴിഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതോടെ ബി.ജെ.പിക്കും പ്രതീക്ഷകളുടെ ദിനമായി വോട്ടെണ്ണല്‍. ത്രിതല പഞ്ചായത്ത് വാര്‍ഡുകളുടെയെണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചു. വോട്ട് ശതമാനവും കൂട്ടി. ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പമെത്തിയത് മാത്രമാണ് ഇടത് ക്യാംപിന് ആശ്വാസം. തുടര്‍ഭരണമെന്ന അവകാശവാദവുമായിരുന്ന സര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടിയായതോടെ തലസ്ഥാനത്തുണ്ടായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.