നിയമസഭയിലെ പരാജയത്തിന് പിന്നാലെ കട്ടപ്പന നഗരസഭയിലും ഇഎം അഗസ്തിയെ ജനം കൈവിട്ടു. മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിൻ്റെ മുതിർന്ന നേതാവിന് ദയനീയ പരാജയമാണ് കട്ടപ്പനയിൽ ഉണ്ടായത്. 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളിയാണ് ഇവിടെ ജയിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഗസ്തി എൽഡിഎഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ 30,000ത്തിൽ പരം വോട്ടുകൾക്ക് എം.എം. മണി ജയിച്ചു. പിന്നാലെ അഗസ്തി മൊട്ടയടിച്ചിരുന്നു. ഇപ്പോഴിതാ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇഎം അഗസ്തി.
ജനവിധി മാനിക്കുന്നതായും അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നതായും അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചു. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുമെന്നും ഇനി മുതൽ വേദിയിലുണ്ടാവില്ല സദസ്സിലുണ്ടാവുമെന്നും അഗസ്തി കുറിച്ചു. താൻ ഇനി പ്രസംഗിക്കുവാനുണ്ടാകില്ലെന്നും ശ്രോതാവായിരിക്കുമെന്നും അഗസ്തി പറഞ്ഞു.