Rahim-mani

സിപിഎം നേതാവ് എം.എം.മണിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തിന്റെ പൊതുവികാരമല്ലെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹിം. മാധ്യമങ്ങള്‍ പറയുന്നത് കേട്ട് മറുപടി പറയാനില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ലൈംഗിക വൈകൃത പരാമർശം തിരിച്ചടിയല്ല. സത്യസന്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും റഹിം ഡല്‍ഹിയില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ കടുത്തഭാഷയില്‍ അപമാനിച്ച് സിപിഎം നേതാവ് എം.എം.മണി പ്രസ്താവന നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു റഹീം. 

പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. 

Also Read: 'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു'; വോട്ടര്‍മാരെ അപമാനിച്ച് മണി

തോല്‍വിയോടുള്ള അമര്‍ഷം മറയ്ക്കാനാകാതെയായിരുന്നു എം.എം. മണിയുടെ പ്രതികരണം. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു. പെൻഷൻ ഉൾപ്പെടെ വാങ്ങിയിട്ട് ആളുകൾ എൽഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു'. തോൽവി എന്തുകൊണ്ട് എന്നുള്ള കാര്യം എൽഡിഎഫ് പരിശോധിക്കും. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും മുന്നോട്ട് പോകും.

'പെൻഷൻ എല്ലാം കൃത്യതയോട് കൂടി നൽകി. അതെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന് എല്ലാവരും വോട്ട് ചെയ്തു. പെൻഷൻ വാങ്ങിക്കുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തു. ജനങ്ങൾ നന്ദികേട് കാണിച്ചു' വെന്നും മണി ആരോപിച്ചു.

ഭരണ വിരുദ്ധ വികാരം എന്ന് പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറയുമെന്നും മണി പറഞ്ഞു. അതേസമയം എംഎം മണിയുടെ മണ്ഡലത്തിലെ ഇടത് കോട്ടയായ രാജാക്കാട്ടും എൽഡിഎഫിന് പരാജയമാണ്.

ENGLISH SUMMARY:

MM Mani controversy sparks debate after DYFI leader A.A. Rahim responds. Rahim stated that Mani's controversial comments are not the general sentiment of the Left and that the party will review the reasons for the defeat in the local body elections and take corrective action.