വോട്ടെടുപ്പ് ദിനത്തില്‍ ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ച് ബിജെപി സ്ഥാനാർഥി  ആര്‍. ശ്രീലേഖ. ഫെയ്സ് ബുക്കില്‍  രാവിലെയാണ് പ്രസിദ്ധീകരിച്ചത്.  പോളിങ് കഴിയുംവരെ പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് പങ്കുവെച്ചത്. കോർപറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പോളിങ് കഴിയും മുന്‍പ് പ്രീ പോൾ സർവേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമാകുന്നത്.

അതേസമയം, ഫെയ്സ് ബുക്കിലെ സര്‍വ്വേഫലം ഡിലീറ്റ് ചെയ്ത് ആര്‍.ശ്രീലേഖ. ചട്ടലംഘനത്തില്‍ ഇടപെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടതോടെയാണ് നടപടി. സൈബര്‍ പൊലീസില്‍ കമ്മിഷന്‍   റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ ശ്രീലേഖക്കെതിരെ ഉയര്‍ന്നിരുന്നു. ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ  ഏഴു ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തില്‍.  തിരുവനന്തപുരം, കൊല്ലം, എറണാകുളം  എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍,  471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം.  15,432 പോളിങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്.  480 പ്രശ്നബാധിത ബൂത്തുകളുണ്ട്.  രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 

വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സിപിഎം ദേശീയ ജനറല്‍സെക്രട്ടറി എം.എ.ബേബി,   മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്, സജിചെറിയാന്‍ , പി.രാജീവ് എന്നിവര്‍ ആദ്യഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. 

ENGLISH SUMMARY:

On the day of voting, BJP candidate R. Sreelekha published the results of an election survey in violation of rules. It was posted on Facebook in the morning. According to the rules, such survey results should not be published until polling is completed. The survey result she shared claimed that the NDA had an upper hand in the Thiruvananthapuram Corporation. R. Sreelekha is the BJP candidate in the Sasthamangalam ward of the Corporation. Her action has sparked controversy, especially since the Supreme Court and the Election Commission have clear guidelines prohibiting the publication of pre-poll surveys.